വാജ്പേയി മന്ത്രിസഭയിൽ ധനമന്ത്രിയും വിദേശകാര്യമന്ത്രിയുമായി പ്രവർത്തിച്ച യശ്വന്ത് സിൻഹ, വാജ്പേയി യുഗത്തിനും എൽ.കെ. അദ്വാനിയുടെ കാലത്തിനും ശേഷം നരേന്ദ്ര മോദി പാർട്ടിയിൽ പിടിമുറുക്കിയ കാലത്താണ് ബി.ജെ.പിയുമായി അകലുന്നത്. പിന്നീട് മോദിയുടെ നിരന്തര വിമർശകനായി പാർട്ടി മുൻ ദേശീയ വക്താവ് മാറുന്ന കാഴ്ചയാണ് കണ്ടത്. 2002ൽ മോദിയെ പുറത്താക്കാൻ വാജ്പേയ് തീരുമാനിച്ചിരുന്നു എന്നുൾപ്പെടെ ബി.ജെ.പിയിലെ പല അണിയറ രഹസ്യങ്ങളും സിൻഹ പിന്നീട് പരസ്യമാക്കി.
ഗുജറാത്ത് കലാപത്തെ തുടർന്ന് അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി നരേന്ദ്രമോദിയെ പുറത്തക്കാൻ വാജ്പേയ് തീരുമാനിച്ചിരുന്നുവെന്നായിരുന്നു 2019ൽ സിൻഹ വെളിപ്പെടുത്തിയത്. ഗോവയിൽ നടന്ന പാർട്ടി യോഗത്തിൽ മോദി രാജിവെക്കണമെ ന്ന് വാജ്പേയ് ആവശ്യപ്പെട്ടു. അദ്ദേഹം അതിന് തയാറാവുന്നില്ലെങ്കിൽ സർക്കാറിനെ പിരിച്ചുവിടുമെന്നും വാജ്പേയ് പറഞ്ഞിരുന്നു. എന്നാൽ, ഗുജറാത്ത് സർക്കാറിനെതിരെ നീങ്ങുകയാണെങ്കിൽ കേന്ദ്രമന്ത്രിസ്ഥാനം രാജിവെക്കുമെന്ന് അദ്വാനി ഭീഷണി മുഴക്കി. ഇതാണ് തീരുമാനത്തിൽ നിന്ന് പിന്നാക്കം പോകാൻ വാജ്പേയിയെ പ്രേരിപ്പിച്ചതെന്നും യശ്വന്ത് സിൻഹ പറഞ്ഞിരുന്നു.
(എ.ബി. വാജ്പേയ്, യശ്വന്ത് സിൻഹ)
2016ൽ മോദി സർക്കാർ നോട്ട് നിരോധിച്ചപ്പോൾ പാർട്ടിക്കുള്ളിൽ നിന്നുകൊണ്ടുതന്നെ രൂക്ഷ വിമർശനമുയർത്തിയിരുന്നു മുൻ കേന്ദ്ര ധനമന്ത്രിയായ സിൻഹ. ഉയർന്ന മൂല്യമുള്ള നോട്ടുകൾ നിരോധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നടപടിയെ മുഹമ്മദ് ബിൻ തുഗ്ലക്കുമായി ഉപമിക്കുകയാണ് അദ്ദേഹം ചെയ്തത്. നോട്ട് പിൻവലിക്കൽ തീരുമാനം മൂലം രാജ്യത്തിന് 3.75 ലക്ഷം കോടിയുടെ നഷ്ടമുണ്ടായതായും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ബിഹാർ രാഷ്ട്രീയത്തിൽനിന്ന് ഡൽഹിയിലെ അധികാര ദല്ലാളായി ഉയർന്ന ചരിത്രമാണ് സിൻഹയുടേത്. ബിഹാറിലെ കായസ്ഥരുടെ താവഴിയിൽ 1937 ജൂൺ 11ന് പട്നയിലാണ് ജനനം. പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റർ ബിരുദമെടുത്ത ശേഷം പട്ന സർവകലാശാലയിൽ അധ്യാപകനായി. പിന്നീട് സിവിൽ സർവിസിലേക്ക് തിരിഞ്ഞു. 1960ൽ കോഴ്സ് പൂർത്തിയാക്കി സന്താൽ പർഗാനയിൽ ഡെപ്യൂട്ടി കമീഷണറായി തുടങ്ങിയ ഒൗദ്യോഗികവൃത്തി ജർമനിയിലെ സ്ഥാനപതി ഉദ്യോഗവും കടന്ന് വിവിധ മന്ത്രാലയങ്ങളിലെ സെക്രട്ടറി സ്ഥാനങ്ങൾ വരെ തുടർന്നു.
ഇന്ദ്രപ്രസ്ഥത്തിലെ അധികാരത്തിെൻറ ഇടനാഴികകൾ പരിചയിച്ചതോടെ രാഷ്ട്രീയത്തിൽ ഇറങ്ങിക്കളിച്ചു നോക്കാമെന്നായി. അങ്ങനെ 1984ൽ സിവിൽ സർവിസിൽനിന്ന് വോളൻററി റിട്ടയർമെൻറ് വാങ്ങി. വലതുകാൽ വെച്ച് ഇറങ്ങിയത് ജനത പാർട്ടിയിലേക്ക്. ഉന്നതസ്ഥാനീയനായ അതിഥിയെ രണ്ടു കൊല്ലംകൊണ്ട് പാർട്ടി ദേശീയ ജനറൽ സെക്രട്ടറിയാക്കി. രണ്ടു വർഷം കഴിഞ്ഞപ്പോൾ രാജ്യസഭയിലേക്ക് സീറ്റും കിട്ടി. ജനത പാർട്ടിയിൽനിന്ന് ജനതാദൾ ഉണ്ടായപ്പോൾ അവിടെ ജന. സെക്രട്ടറിയായി. അങ്ങനെ വി.പി. സിങ് ഗവൺമെൻറിനെ മറിച്ചിട്ട് രാജീവ് ഗാന്ധിയുടെ നേതൃത്വത്തിൽ ചന്ദ്രശേഖറിനെ പ്രധാനമന്ത്രിയാക്കിയപ്പോൾ ധനമന്ത്രി സ്ഥാനം തേടിവന്നത് യശ്വന്ത് സിൻഹയെ. പിന്നീടൊരു മലക്കംമറിച്ചിലിൽ ബി.ജെ.പിയിൽ. 1998ൽ വാജ്പേയി മന്ത്രിസഭയിൽ വീണ്ടും മന്ത്രി. വകുപ്പ് ധനം തന്നെ ചോദിച്ചപ്പോൾ വാജ്പേയി പൂർണവിശ്വാസത്തോടെ ഏൽപിച്ചെന്ന് കഥാപുരുഷൻ. 2002ൽ വിദേശമന്ത്രി.
(നരേന്ദ്ര മോദിക്കൊപ്പം യശ്വന്ത് സിൻഹ)
എന്നാൽ, അടുത്ത തെരഞ്ഞെടുപ്പിൽ സ്വന്തം മണ്ഡലമെന്നു കരുതിപ്പോന്ന ഹസാരിബാഗിൽ പരാജയം നുണഞ്ഞു. തൊട്ടടുത്ത വർഷം പാർട്ടി രാജ്യസഭയിലെത്തിച്ചു. അതു കഴിയുേമ്പാൾ പാർട്ടി ഉപാധ്യക്ഷസ്ഥാനം. വർഷങ്ങൾ പിന്നിട്ടപ്പോൾ ബി.ജെ.പിയിലെ തിരുത്തൽവാദിയായി. കേന്ദ്രത്തിൽ അധികാരം ലഭിച്ചതിന് പിന്നാലെ പാർട്ടിക്കുള്ളിൽ നിന്നുതന്നെ നിരന്തര വിമർശനങ്ങൾ തൊടുത്തു. മോദിയുമായി തെറ്റിപ്പിരിഞ്ഞ് 2018ൽ പാർട്ടിവിട്ട് 2021ൽ തൃണമൂലിൽ ചേർന്നു. ഒടുവിൽ രാഷ്ട്രപതി തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ ഐക്യസ്ഥാനാർഥിത്വം വരെയെത്തി നിൽക്കുന്ന രാഷ്ട്രീയ ജീവിതം.
വായനയും എഴുത്തും പൂന്തോട്ട പരിപാലനവും കഴിഞ്ഞാൽ പിന്നെ യാത്രയാണ് ഹോബി. വിവിധ പ്രതിനിധിസംഘങ്ങളുടെ നേതാവായി ഇന്ത്യക്കു വേണ്ടി നിരവധി ദൗത്യങ്ങൾ നയിച്ചിട്ടുണ്ട്. മന്ത്രിപദവിയിലിരിക്കെ നടത്തിയ അന്താരാഷ്ട്ര ദൗത്യത്തിെൻറ പേരിൽ ഫ്രഞ്ച് ഗവൺമെൻറ് അന്നാട്ടിലെ പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിക്കുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.