സി.പി.എം ഇപ്പോഴും കോണ്‍ഗ്രസ് വിരുദ്ധതയുടെ തടവുകാര്‍ –സുധീരന്‍


തിരുവനന്തപുരം: കോണ്‍ഗ്രസ് വിരുദ്ധതയുടെ തടവുകാരായാണ് സി.പി.എം ഇപ്പോഴും നിലകൊള്ളുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍. തങ്ങളുടെ നിലപാടുകളില്‍നിന്ന് മാറാന്‍ അവര്‍ തയാറല്ളെന്നാണ് കൊല്‍ക്കത്ത പ്ളീനം വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ജന്മവാര്‍ഷിക സമ്മേളനം കെ.പി.സി.സി ആസ്ഥാനത്ത്  ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുകക്ഷികളുടെ അന്ധമായ കോണ്‍ഗ്രസ് വിരോധവും അവസരവാദ രാഷ്ട്രീയവും വര്‍ഗീയശക്തികളുടെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ചു. ബിഹാറില്‍ മതേതര മഹാസഖ്യത്തിനെതിരായി നിലകൊണ്ടതിലൂടെ ബി.ജെ.പിക്കു സഹായകമായ നിലപാടും കൈക്കൊണ്ടു. ഇതിന്‍െറ ഫലമായി അവിടെ 10 സീറ്റെങ്കിലും ബി.ജെ.പിക്ക് അധികം നേടാനായി. സംസ്ഥാനത്ത് യു.ഡി.എഫിന്‍െറ ഭരണത്തുടര്‍ച്ച ഉണ്ടാകും. രാജ്യത്ത് കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് സമീപകാല തെരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ബി.ജെ.പിക്കും മോദി ഭരണത്തിനും എതിരായി ശക്തമായി മുന്നോട്ടുപോകാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി വൈസ് പ്രസിഡന്‍റ് എന്‍. പീതാംബരക്കുറുപ്പ് അധ്യക്ഷതവഹിച്ചു. മന്ത്രിമാരായ കെ.സി. ജോസഫ്, വി.എസ്. ശിവകുമാര്‍, നേതാക്കളായ തമ്പാനൂര്‍ രവി, ഡോ. ശൂരനാട് രാജശേഖരന്‍ എന്നിവര്‍ സംസാരിച്ചു. പാര്‍ട്ടി ജന്മദിനം പ്രമാണിച്ച് കേക്ക് മുറിച്ചു. കെ.പി.സി.സി പ്രസിഡന്‍റ് പതാക ഉയര്‍ത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.