കൊച്ചി: ഐ.എന്‍.ടി.യു.സി പ്രതിനിധികള്‍ക്ക് നിയമസഭയിലേക്ക് മത്സരിക്കാന്‍ അവസരം ലഭിക്കാതിരുന്നതില്‍ കടുത്ത രോഷം. എ.എന്‍.ടി.യു.സി ജില്ലാ സമിതി യോഗത്തില്‍ കെ.വി. തോമസ് എം.പിക്കെതിരെയും വിമര്‍ശമുയര്‍ന്നു. തോമസ് മാഷിന്‍െറ ഇടപെടല്‍ മൂലമാണ് തനിക്ക് സ്ഥാനാര്‍ഥിത്വം ലഭിക്കാതെപോയതെന്ന് വൈപ്പിന്‍ മണ്ഡലത്തിലേക്ക് പരിഗണിക്കപ്പെട്ട അഡ്വ. കെ.പി. ഹരിദാസാണ് വിമര്‍ശമുയര്‍ത്തിയത്. ഐ.എന്‍.ടി.യു.സിയെ തഴഞ്ഞ സാഹചര്യത്തില്‍ വൈപ്പിന്‍, പെരുമ്പാവൂര്‍, തൃപ്പൂണിത്തുറ, പിറവം, കളമശ്ശേരി, കുന്നത്തുനാട്, കോതമംഗലം, അങ്കമാലി, കൊച്ചി തുടങ്ങി മണ്ഡലങ്ങളില്‍ സ്വന്തം നിലക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിപ്പിക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഐ.എന്‍.ടി.യു.സിയോട് കോണ്‍ഗ്രസ് നേതൃത്വം ചെയ്തത് കൊടും ചതിയാണെന്ന് യോഗം ഉദ്ഘാടനം ചെയ്ത സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍ കുറ്റപ്പെടുത്തി.
സീറ്റ് നല്‍കാന്‍ നിര്‍വാഹമില്ളെങ്കില്‍ പറഞ്ഞാല്‍ അത് മനസ്സിലാക്കാമായിരുന്നു. എന്നാല്‍, ഐ.എന്‍.ടി.യു.സിക്ക് അര്‍ഹമായ പരിഗണന നല്‍കാമെന്ന് ഉറപ്പുനല്‍കി വഞ്ചിക്കുകയായിരുന്നു. സീറ്റിനുവേണ്ടി നേതാക്കളുടെ തിണ്ണനിരങ്ങാന്‍ തങ്ങളാരും പോയിട്ടില്ല. ഡല്‍ഹിയില്‍ അടുത്തിടെ നടന്ന പ്ളീനറി യോഗത്തില്‍ എ.ഐ.സി.സി വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി ഐ.എന്‍.ടി.യു.സിക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ച് തങ്ങളൊരു ലിസ്റ്റ് നേതൃത്വത്തിന് നല്‍കുകയും ചെയ്തിരുന്നു. ഇത്രയും മോശപ്പെട്ട സീറ്റ് വിഭജനം കേരളത്തിന്‍െറ ചരിത്രത്തിലുണ്ടായിട്ടില്ല. വെള്ളം കോരാനും വിറകുവെട്ടാനും മാത്രമുള്ള സംഘടനയാണ് ഐ.എന്‍.ടി.യു.സിയെന്നാണ് ചിലരൊക്കെ ധരിച്ചുവെച്ചിരിക്കുന്നത്. ഐ.എന്‍.ടി.യു.സിയുടെ ശക്തി എന്തൊക്കെയാണെന്ന് ഈ തെരഞ്ഞെടുപ്പില്‍ വ്യക്തമാക്കിക്കൊടുക്കുമെന്നും ചന്ദ്രശേഖരന്‍ മുന്നറിയിപ്പ് നല്‍കി. ഉറങ്ങിക്കിടന്നവനെ വിളിച്ചെഴുന്നേല്‍പിച്ചശേഷം അത്താഴമില്ളെന്ന് പറഞ്ഞ പോലെയായി തന്നോട് നേതൃത്വം കാട്ടിയ അനീതിയെന്ന് ഐ.എന്‍.ടി.യു.സി അഖിലേന്ത്യ സെക്രട്ടറി അഡ്വ.കെ.പി. ഹരിദാസ് കുറ്റപ്പെടുത്തി.
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഡല്‍ഹിയിലത്തെിയ തന്നോട് കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സീറ്റ് ഉറപ്പായെന്നും വൈപ്പിനില്‍ പ്രാരംഭ പ്രവര്‍ത്തനം ആരംഭിച്ചുകൊള്ളാനും പറഞ്ഞിരുന്നു. ഇതനുസരിച്ച് പോസ്റ്ററടിക്കുകയും മറ്റ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. ഇതിനിടെയാണ് സീറ്റ് നിഷേധിച്ചതായി അറിയിപ്പുവന്നത്. ഇത് കൊടും ചതിയാണ്. കെ.വി. തോമസ് എം.പിയാണ് തന്‍െറ സീറ്റ് നിഷേധത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചതെന്ന് ഹരിദാസ് വ്യക്തമാക്കി. കേരളത്തിന്‍െറ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി മല്ലികാര്‍ജുന ഖാര്‍ഗെക്ക് തോമസ് മാസ്റ്റര്‍ നല്‍കിയ കത്താണ് തനിക്ക് സീറ്റ് നിഷേധിക്കാന്‍ കാരണമെന്നും ഇദ്ദേഹം ആരോപിച്ചു. കേരളത്തിലെ പ്രമുഖ നേതാക്കളൊക്കെ കെ.വി. തോമസിന് പാര്‍ലമെന്‍റ് സീറ്റ് നല്‍കരുതെന്ന് പറഞ്ഞപ്പോള്‍ കൂടെനിന്നതിന്‍െറ ‘പ്രത്യുപകാരമാണ്’ മാസ്റ്റര്‍ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.