പാമോലിന്‍: മുന്‍ ചീഫ് സെക്രട്ടറിയുടെ വിടുതല്‍ ഹരജി തള്ളി

തിരുവനന്തപുരം: പാമോലിന്‍ കേസില്‍ ഒക്ടോബര്‍ അഞ്ചിന് പ്രതികള്‍ക്കെതിരായ കുറ്റപത്രം വിജിലന്‍സ് ജഡ്ജി എ. ബദറുദ്ദീന്‍ വായിക്കും. കേസിലെ എട്ടാം പ്രതിയും മുന്‍ ചീഫ് സെക്രട്ടറിയുമായ പി.ജെ. തോമസ് സമര്‍പ്പിച്ച വിടുതല്‍ ഹരജി തള്ളിയശേഷമാണ് വിചാരണ നടപടി ആരംഭിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കിയത്.
20 വര്‍ഷത്തോളം നീണ്ട കേസെന്ന അപഖ്യാതിക്ക് പിന്നില്‍ പ്രോസിക്യൂഷന്‍ അല്ളെന്നും ഓരോ ഘട്ടത്തിലും പ്രതികള്‍ നിയമനടപടികളിലൂടെ കേസ് നീട്ടിക്കൊണ്ടുപോവുകയായിരുന്നെന്നും കോടതി വ്യക്തമാക്കി. ഒക്ടോബര്‍ അഞ്ചിന് മുഴുവന്‍ പ്രതികളും ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു.
പി.ജെ. തോമസിനെതിരെ ഗൂഢാലോചനക്കുറ്റം മാത്രമാണ് ആരോപിച്ചിട്ടുള്ളതെന്നും അഴിമതിനിരോധ നിയമം ഉള്‍പ്പെടുത്തിയിട്ടില്ളെന്നും കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ പ്രോസിക്യൂഷന്‍ അനുമതി ഇല്ല എന്നത് പരിഗണിക്കണമെന്നും ഉള്‍പ്പെടെയുള്ള വാദങ്ങള്‍ കോടതി തള്ളി. കേസിലെ മൂന്നും നാലും പ്രതികളായ മുന്‍ ചീഫ് സെക്രട്ടറിമാരായിരുന്ന എസ്. പത്മകുമാര്‍, സക്കറിയ മാത്യു എന്നിവരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയ തൃശൂര്‍ വിജിലന്‍സ് കോടതി നടപടിയെ പരോക്ഷമായി വിധിയില്‍ വിമര്‍ശിച്ചിട്ടുമുണ്ട്. നേരത്തേ ജിജി തോംസണ്‍ സമര്‍പ്പിച്ച വിടുതല്‍ ഹരജി തള്ളി ഹൈകോടതി നടത്തിയ പരാമര്‍ശം തൃശൂര്‍ കോടതി പരിഗണിച്ചില്ളെന്നതാണ് വിമര്‍ശം. ആഗോള ടെന്‍ഡര്‍ വിളിക്കാതെ കൂടിയ നിരക്കില്‍ സിംഗപ്പൂരില്‍നിന്ന് പാമോലിന്‍ ഇറക്കുമതി ചെയ്തതിലും എണ്ണയുടെ ഗുണനിലവാരം ഉറപ്പാക്കാത്തതിലും അഴിമതിയുണ്ടെന്നാണ് ഹൈകോടതി കണ്ടത്തെിയത്.
ഈ ഉത്തരവ് നിലനില്‍ക്കവെ തൃശൂര്‍ കോടതിവിധിയുടെ ചുവടുപിടിച്ച് പി.ജെ. തോമസിനെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കാനാവില്ളെന്ന് കോടതി വ്യക്തമാക്കി. പി.ജെ. തോമസ് അഴിമതിക്കായുള്ള ഗൂഢാലോചനയില്‍ പങ്കെടുത്തതിന് വ്യക്തമായ തെളിവുകളുണ്ടെന്ന സ്പെഷല്‍ പ്രോസിക്യൂട്ടര്‍ പി.എ. അഹമ്മദിന്‍െറ വാദം കോടതി അംഗീകരിച്ചു. എഫ്.ഐ.ആറില്‍ പേര് ഉള്‍പ്പെട്ടിട്ടില്ളെന്ന കാരണം മാത്രം ചൂണ്ടിക്കാട്ടി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയ പ്രതിയെ ഒഴിവാക്കാനാവില്ളെന്നും വിധിയില്‍ പറയുന്നു. ഇറക്കുമതി സംബന്ധിച്ച് ധനവകുപ്പ് പുറത്തിറക്കേണ്ടിയിരുന്ന കരട് ഉത്തരവ് ചീഫ് സെക്രട്ടറി എന്ന നിലയില്‍ പി.ജെ. തോമസ് തടഞ്ഞുവെച്ചതിനും ഇതുമായി ബന്ധപ്പെട്ട ഫയലുകള്‍ ധനവകുപ്പിലേക്ക് കൈമാറാതെ തടഞ്ഞുവെച്ചതിനും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്. സിവില്‍ സപൈ്ളസ് എം.ഡി ആയിരുന്ന ജിജി തോംസണ്‍ സ്റ്റോര്‍ പര്‍ച്ചേസ് ചട്ടം ലംഘിച്ചതിനെക്കുറിച്ചും കരാര്‍ നഷ്ടം ഉണ്ടാക്കുമെന്നും അറിയാമായിരുന്നിട്ടും പി.ജെ. തോമസ് തടഞ്ഞില്ല.
ഇറക്കുമതി സംബന്ധിച്ച ചട്ടങ്ങള്‍ വകുപ്പുമന്ത്രിയെ അറിയിക്കാനുള്ള നിയമപരമായ ബാധ്യത പി.ജെ. തോമസ് നിറവേറ്റിയില്ളെന്നും കോടതി കണ്ടത്തെി. ഇറക്കുമതി സംബന്ധിച്ച കേന്ദ്രസര്‍ക്കാറിന്‍െറ അനുമതി വാങ്ങിയിരുന്നില്ല.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പി.ജെ. തോമസിന്‍െറ ഹരജി കോടതി തള്ളിയത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.