മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമം; ഇരിങ്ങാലക്കുടയില്‍ ലാത്തിച്ചാര്‍ജ്

ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട പി.ഡബ്ള്യു.ഡി റസ്റ്റ് ഹൗസില്‍ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്യാന്‍ എത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കരിങ്കൊടി കാണിക്കാനുള്ള എല്‍.ഡി.എഫ് പ്രവര്‍ത്തകരുടെ ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു. ലാത്തിച്ചാര്‍ജില്‍ ജില്ലാ പഞ്ചായത്തംഗങ്ങള്‍, ബ്ളോക് പ്രസിഡന്‍റ്, പഞ്ചായത്ത് പ്രസിഡന്‍റ്, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരടക്കം അമ്പതോളം പേര്‍ക്ക് പരിക്കേറ്റു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.ജില്ലാ പഞ്ചായത്തംഗങ്ങളായ എന്‍.കെ. ഉദയപ്രകാശ്, ടി.ജി. ശങ്കരനാരായണന്‍, ഇരിങ്ങാലക്കുട ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് വി.എ. മനോജ്കുമാര്‍, പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.സി. ബിജു, ബ്ളോക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കമറുദ്ദീന്‍ വലിയകത്ത്, എല്‍.ഡി.എഫ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കണ്‍വീനര്‍ കെ.പി. ദിവാകരന്‍, സി.പി.ഐ നേതാവ് അഡ്വ. പി.ജെ. ജോബി, കേരളകൗമുദി ലേഖകന്‍ വി.ആര്‍. സുകുമാരന്‍, ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോം ലേഖകന്‍ ടി.ജി. സിബിന്‍, ദേശാഭിമാനി ലേഖകന്‍ കെ.സി. പ്രേമരാജന്‍ തുടങ്ങിയവര്‍ക്കാണ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഡി.വൈ.എഫ്.ഐ ഏരിയാ സെക്രട്ടറി സി.ഡി. സിജിത്ത്, ആര്‍.എല്‍. ശ്രീലാല്‍, ജില്ലാ പഞ്ചായത്ത് അംഗം എന്‍.കെ. ഉദയപ്രകാശ് എന്നിവര്‍ക്ക് സാരമായി പരിക്കേറ്റു. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടാകുമെന്ന സൂചനയത്തെുടര്‍ന്ന് കനത്ത പൊലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരുന്നത്. റസ്റ്റ് ഹൗസിന് സമീപത്താണ് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ കൂട്ടംകൂടി നിന്നത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കണ്ടപ്പോള്‍ തന്നെ കരിങ്കൊടിയുമായി മുദ്രാവാക്യം വിളിച്ചു. വാഹനം കടന്നുപോയ ഉടനായിരുന്നു ലാത്തിച്ചാര്‍ജ്. പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി മുന്നോട്ടുനീങ്ങിയതോടെ ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ചു. വഴിയാത്രക്കാര്‍ക്കും ലാത്തിയടിയേറ്റു. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടാന്‍ തടിച്ചുകൂടിയ പ്രതിഷേധക്കാര്‍ ടി.എന്‍. പ്രതാപന്‍ എം.എല്‍.എയുടെ കാറിന്‍െറ ചില്ല് തകര്‍ത്തു. കൈക്ക് പരിക്കേല്‍ക്കുകയും അസ്വാസ്ഥ്യം അനുഭവപ്പെടുകയും ചെയ്ത എം.എല്‍.എയെ പുത്തന്‍ചിറ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.  ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയ എം.എല്‍.എക്ക് നേരെ വേദിക്ക് 400 മീറ്റര്‍ അകലെ മൂരിക്കാട് ജങ്ഷനിലാണ് ആക്രമണമുണ്ടായത്. പൊലീസ് കുതിച്ചത്തെിയതോടെ ആക്രമികള്‍ ചിതറിയോടി.

ഇരിങ്ങാലക്കുടയിലും കൊടുങ്ങല്ലൂരിലും ഇന്ന് ഹര്‍ത്താല്‍
ഇരിങ്ങാലക്കുട: മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ് നടത്തിയതില്‍ പ്രതിഷേധിച്ച് ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തില്‍ ബുധനാഴ്ച എല്‍.ഡി.എഫ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താലെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എ.സി. മൊയ്തീന്‍ അറിയിച്ചു. ടി.എന്‍. പ്രതാപന്‍ എം.എല്‍.എയെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം കമ്മിറ്റി ബുധനാഴ്ച രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെ മണ്ഡലത്തില്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.