തിരുവനന്തപുരം: നാവികസേനയുടെ സഹായത്തോടെ കൊച്ചിയിൽ വീണ്ടും അവയവമാറ്റ ശസ്ത്രക്രിയ. നാവികസേനയുടെ പ്രത്യേക വിമാനത്തിലാണ് തിരുവനന്തപുരത്ത് നിന്ന് മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം സ്വദേശിയായ 15കാരന്‍റെ ഹൃദയം കൊച്ചിയിലെത്തിക്കുന്നത്.
പ്രസവത്തെ തുടര്‍ന്ന് ഹൃദയത്തിന് തകരാര്‍ സംഭവിച്ച തൃശൂര്‍ സ്വദേശി സന്ധ്യക്കാണ് എറണാകുളം ലിസി ആശുപത്രിയില്‍ ഹൃദയം മാറ്റിവെക്കുന്നത്. ഡോ. ജോസ് ചാക്കോ പെരിയപുറത്തിന്‍റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടക്കുക. ഹൃദയം എത്തിക്കുന്നതിനായി കൊച്ചിയില്‍ നിന്ന് ഡോ. ജോസ് ചാക്കോയുടെ നേതൃത്വത്തില്‍ അഞ്ചംഗ മെഡിക്കല്‍ സംഘം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയിട്ടുണ്ട്. 11 മണിയോടെ പ്രത്യേക വിമാനത്തില്‍ ഹൃദയം കൊച്ചിയിലെത്തിക്കും.
ഹൃദയം മാറ്റിവെക്കലിനായി സംസ്ഥാന സർക്കാറിന്‍റെ മൃതസഞ്ജീവനി പദ്ധതിയില്‍ സന്ധ്യയുടെ ബന്ധുക്കൾ രജിസ്റ്റര്‍ ചെയ്തിരുന്നു. അനുയോജ്യമായ ഹൃദയം കണ്ടെത്തിയെന്ന വിവരം അറിഞ്ഞതിനെ തുടർന്ന് മുഖ്യമന്ത്രി ഇടപെട്ടാണ് നാവികസേനയുടെ പ്രത്യേക വിമാനം ലഭ്യമാക്കാൻ നടപടി സ്വീകരിച്ചത്.
2015 ജൂലൈ ഏഴിന് എയര്‍ ആംബുലന്‍സ് ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ ആദ്യ അവയവമാറ്റ ശസ്ത്രക്രിയ കൊച്ചിയില്‍ നടന്നിരുന്നു. തിരുവനന്തപുരം ശ്രീചിത്രയില്‍ ചികിത്സയിലിരിക്കെ മസ്തിഷ്കമരണം സംഭവിച്ച, പാറശാല ലളിതയില്‍ അഭിഭാഷകനായ നീലകണ്ഠശര്‍മയുടെ ഹൃദയം എറണാകുളം ലിസി ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ ചാലക്കുടി സ്വദേശി മാത്യു ആന്‍റണിയുടെ ശരീരത്തില്‍ മാറ്റിവെച്ചത്.
2015 ആഗസ്റ്റ് എട്ടിന് സംസ്ഥാനത്തിന് പുറത്തേക്ക് ആദ്യമായി അവയവദാനം നടന്നു. ആലപ്പുഴ കായംകുളം സ്വദേശി കോട്ടോളില്‍ എച്ച്. പ്രണവിന്‍െറ ഹൃദയവും ശ്വാസകോശവും ചെന്നൈ ഫോര്‍ട്ടിസ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയിലാണ് മറ്റൊരാളില്‍ വെച്ചുപിടിപ്പിച്ചത്.
2015 സെപ്റ്റംബർ 15ന് കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രിയിലും ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയയില്‍ പത്തനംതിട്ട ചിറ്റാര്‍ സ്വദേശി വി.കെ പൊടിമോന്‍റെ ഹൃദയമാണ് മാറ്റിവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.