ഇന്ത്യയെ ഭിന്നിപ്പിച്ച് ഭരിക്കുന്നു –തുഷാര്‍ ഗാന്ധി

കൊച്ചി: ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന ബ്രിട്ടീഷ് തന്ത്രം രാജ്യത്ത് തുടരുകയാണെന്ന് ഗാന്ധിജിയുടെ പ്രപൗത്രനും മഹാത്മാ ഗാന്ധി ഫൗണ്ടേഷന്‍ പ്രസിഡന്‍റുമായ തുഷാര്‍ ഗാന്ധി. സാമ്പത്തികമായും ലിംഗം, ജാതി, പ്രദേശം, മതം എന്നിവയുടെ അടിസ്ഥാനത്തിലും രാജ്യത്ത് അസമത്വം തുടരുകയാണെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു. കൊച്ചിയില്‍ ഫ്രണ്ട്സ് ഓഫ് ടിബറ്റ് സംഘടിപ്പിച്ച ‘ഗാന്ധിയന്‍ ദര്‍ശനം; ഇന്നേക്കുള്ള പാഠങ്ങള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രമാണ് ബ്രിട്ടീഷ് ഭരണം അവസാനിച്ചിട്ടും ഇന്ത്യയില്‍ ഭരണകൂടങ്ങളെല്ലാം തുടരുന്നത്. ഇതിന് ബ്രിട്ടീഷുകാരെ കുറ്റപ്പെടുത്തുകയല്ല സ്വയം തിരുത്തുകയാണ് വേണ്ടത്. സത്യത്തിന്‍െറ സിദ്ധാന്തം ലാളിത്യവും സുതാര്യതയുമാണെന്ന് കാണിച്ചുതന്ന ഗാന്ധിജിയുടെ നാടിന് തെറ്റ് പറ്റിയതെവിടെയാണെന്ന് സ്വയം തിരിച്ചറിയണം. ഇക്കാര്യത്തില്‍ ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ മനസ്സിരുത്തിയുള്ള ആത്മപരിശോധനക്ക് നാം  തയാറാവണമെന്നും തെറ്റ് തിരുത്തി മുന്നോട്ട് പോയാല്‍ മാത്രമേ ഇന്ത്യക്ക് തലയുയര്‍ത്തി നില്‍ക്കാന്‍ സാധിക്കൂ. ജനാധിപത്യത്തിന്‍െറ ആശയ തലങ്ങള്‍ ഗൗരവമായ ഭീഷണി നേരിടുകയാണെന്നും ക്ഷേമരാഷ്ട്രത്തിന് വെല്ലുവിളികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പക്ഷാഘാതത്തില്‍നിന്ന് മുക്തരായി വരുന്ന രോഗികളെ സഹായിക്കുന്നതിന് പുതുതായി രൂപവത്കരിക്കപ്പെട്ട സ്ട്രോക്ക് സര്‍വൈവേഴ്സ് യുനൈറ്റ് എന്ന സംഘടനയുടെ ലോഗോ പ്രകാശനവും അദ്ദേഹം നിര്‍വഹിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.