ഐ.ടി കമ്പനികളുടെ ഭൂമിക്ക് ഇളവനുവദിച്ചത് വിവാദത്തില്‍

തിരുവനന്തപുരം: സ്വകാര്യമേഖലയിലെ ഐ.ടി കമ്പനികളുടെ 127 ഏക്കര്‍ ഭൂമിക്ക് ഭൂപരിധിനിയമത്തില്‍ ഇളവ് നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് വിവാദത്തില്‍.  സ്വകാര്യമേഖലയില്‍ ഹൈടെക്/ ഐ.ടി പാര്‍ക്കുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് എറണാകുളം വടക്കന്‍ പറവൂരിലെ പുത്തന്‍വേലിക്കര വില്ളേജില്‍ 95.44 ഏക്കറും തൃശൂരില്‍ കൊടുങ്ങല്ലൂരിലെ മടത്തുംപടി വില്ളേജില്‍ 32.41 ഏക്കറും ഭൂമിക്ക് ഇളവ് അനുവദിച്ച് റവന്യൂ അഡീഷനല്‍ ചീഫ് സെക്രട്ടറി ഡോ. ബിശ്വാസ് മത്തേ മാര്‍ച്ച് രണ്ടിന് (നമ്പര്‍ 201/2016) ഉത്തരവിറക്കിയത്. ഇതുസംബന്ധിച്ച് മാര്‍ച്ച് 10ന് ‘മാധ്യമം’ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനെതുടര്‍ന്നാണ് വിഷയം വിവാദമായത്. വിവാദസ്വാമി സന്തോഷ് മാധവനും സംഘവും വിവിധ വ്യക്തികളില്‍നിന്ന് ആദര്‍ശ് പ്രൈം പ്രോജക്ട് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്‍െറ പേരിലാണ് നെല്‍വയല്‍ വാങ്ങിയത്. ഇതിന്‍െറ പേരുമാറ്റി ആര്‍.എം.ഇസെഡ് ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നാക്കുകയായിരുന്നു. കമ്പനി ഭൂമി പോക്കുവരവിന് അപേക്ഷ നല്‍കിയപ്പോള്‍തന്നെ റവന്യൂ വകുപ്പ് എതിര്‍ത്തു.
 നെല്‍വയല്‍-തണ്ണീര്‍ത്തട പരിധിയില്‍വരുന്ന ഭൂമിയാണെന്ന് വില്ളേജ് ഓഫിസറും തഹസില്‍ദാരും റിപ്പോര്‍ട്ട് നല്‍കി. അതോടെ ഭൂമി പറവൂര്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡിന് കൈമാറാന്‍ കലക്ടര്‍ ഉത്തരവുനല്‍കി. ഇതിനെതിരെ കമ്പനി കോടതിയെ സമീപിച്ചെങ്കിലും ഇവരുടെ വാദം കോടതി അംഗീകരിച്ചില്ല. ഭൂമി അളന്ന് തിട്ടപ്പെടുത്തി റവന്യൂ വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചു. ഇതൊക്കെ നിലനില്‍ക്കെയാണ് പുതിയ ഉത്തരവ്.     
വ്യാജസന്യാസി സന്തോഷ് മാധവന് ഭൂമി ദാനംചെയ്ത ഉമ്മന്‍ ചാണ്ടി കേരളത്തിലെ സ്ത്രീകളെയും കുട്ടികളെയും ഒറ്റുകൊടുത്തെന്നും നിയമവിരുദ്ധ ഉത്തരവ് പിന്‍വലിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. നിയമവിരുദ്ധ തീരുമാനം അടിയന്തരമായി റദ്ദാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐ.ടി വ്യവസായത്തിനെന്ന വ്യാജേന 90 ശതമാനം നെല്‍പ്പാടങ്ങള്‍ ഉള്‍പ്പെട്ട സ്ഥലമാണ് നല്‍കുന്നതെന്നും ഉത്തരവ് പിന്‍വലിച്ചില്ളെങ്കില്‍ പ്രക്ഷോഭം തുടങ്ങുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അറിയിച്ചു. നേരത്തേ കോടതിയും സര്‍ക്കാറും നിരസിച്ച പദ്ധതിക്ക് ഇപ്പോള്‍ നല്‍കിയ അനുമതി റദ്ദാക്കണമെന്ന് വി.എം. സുധീരന്‍ ആവശ്യപ്പെട്ടു.
എറണാകുളം, തൃശൂര്‍ കലക്ടര്‍മാരും ലാന്‍ഡ് റവന്യൂ കമീഷണറും  എതിര്‍ത്ത പദ്ധതിയാണിതെന്ന് വി.ഡി. സതീശന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിന്‍െറ തലേദിവസം ധിറുതിപിടിച്ച് ഉത്തരവിറക്കിയതില്‍ ദുരൂഹതയുണ്ടെന്നും ഉത്തരവ് പിന്‍വലിക്കണമെന്നും ടി.എന്‍. പ്രതാപന്‍ എം.എല്‍.എ പ്രസ്താവിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.