പെരുമ്പാവൂര്‍: കുറുപ്പംപടിയിൽ നിയമവിദ്യാർഥിനിയായ ജിഷയെ ക്രൂരമായി ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേർ കസ്റ്റഡിയിലെന്ന് സൂചന. ജിഷയുടെ അയൽവാസിയും മറ്റൊരു യുവാവുമാണ് കസ്റ്റഡിയിലെന്നാണ് റിപ്പോർട്ട്. കേസിലെ മുഖ്യപ്രതികളെന്ന് കരുതപ്പെടുന്ന ഇവരെ അൽപംമുമ്പാണ് പെരുമ്പാവൂർ ഡി.വൈ.എസ്.പി ഓഫിസിൽ എത്തിച്ചത്. ഐ.ജിയുടെ നേതൃത്വത്തിൽ ഇവരെ ചോദ്യം ചെയ്തുവരികയാണ്.
മുഖം മറച്ചെത്തിയ പ്രതികളെ കാണാനായി ഡി.വൈ.എസ്.പി ഓഫിസിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ജനത്തിരക്ക്മൂലം കസ്റ്റഡിയെടുത്തവരെ ഓഫിസിനകത്തേക്ക് എത്തിക്കാൻ പൊലിസിന് ഏറെ പണിപ്പെടേണ്ടിവന്നു.
കേസുമായി ബന്ധപ്പെട്ട് നേരത്തേ ഇതരസംസ്ഥാന തൊഴിലാളികളെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ഇവർക്ക് സംഭവത്തിൽ പങ്കില്ലെന്ന് പൊലീസ് അറിയിച്ചു. ജിഷയെയും കുടുംബത്തേയും നേരിട്ട് അറിയാവുന്നവർ തന്നെയാണ് കൃത്യം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇതുസംബന്ധിച്ച് കേസന്വേഷണത്തിന്‍റെ ചുമതലയുള്ള മധ്യമേഖല റേഞ്ച് ഐ.ജി മഹിപാൽ യാദവ് ഉച്ചയോടെ വാർത്താസമ്മേളനം നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്.
സംഭവത്തില്‍ കേരളത്തിലുടനീളം പ്രതിഷേധക്കൂട്ടായ്മകള്‍ സജീവമായി. ജിഷയുടെ കൊലപാതകം കേരളത്തിന്‍റെ മനസാക്ഷിയെ ഉണര്‍ത്തിയെന്നതിന് തെളിവാണ് സോഷ്യല്‍ മീഡിയകളിലും റോഡിലും നിറഞ്ഞ പ്രതിഷേധക്കൂട്ടായ്മകള്‍. തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിനു മുൻപിൽ വനിതാ പത്രപ്രവർത്തകരും മഹിളാസംഘടനകളും പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. കൊച്ചിയിലും വിവിധ സ്ത്രീസംഘടനാ പ്രവർത്തകർ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.