കേസ് വഴിതെറ്റിക്കാന്‍ നീക്കം; നീതി കിട്ടുംവരെ അടങ്ങിയിരിക്കില്ല –‘ജസ്റ്റിസ് ഫോര്‍ ജിഷ’

കൊച്ചി : കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരിയമ്മയെ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍നിന്ന് വിദഗ്ധ ചികിത്സയുടെ മറവില്‍ മാറ്റുന്നത് കേസിനെ  വഴിതെറ്റിക്കാനെന്ന് വനിതാ സംഘടനകളുടെ കൂട്ടായ്മയായ ‘ജസ്റ്റിസ് ഫോര്‍ ജിഷ’ പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.  
മകളുടെ മരണത്തില്‍ വിഭ്രാന്തി പൂണ്ട അമ്മയെ മോശം പരാമര്‍ശം കൊണ്ട് അപമാനിക്കുന്ന ചിലരുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന്  സംഘടന കണ്‍വീനര്‍ ലൈല റഷീദ്  പറഞ്ഞു.   പ്രതിയെന്ന് സംശയിച്ച് പൊലീസ് പിടിച്ചയാളിന് ജിഷയുടെ ഘാതകനെ അറിയാം. ഇയാളെ വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ് തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.

ജിഷയുടെ കുടുംബത്തിന് നീതി കിട്ടാതെ അടങ്ങിയിരിക്കില്ളെന്ന് കള്‍ചറല്‍ അക്കാദമി ഫോര്‍ പീസ് സ്ഥാപക പ്രസിഡന്‍റും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹിയുമായ ബീന സെബാസ്റ്റ്യന്‍ പറഞ്ഞു. രാജേശ്വരിയെ  ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റാനാണ് തീരുമാനം. സമാധാനാന്തരീക്ഷമാണ് ഈ അമ്മക്ക് ഇപ്പോള്‍ ആവശ്യം. ചികിത്സയല്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം ജീവന്‍ നിലനിര്‍ത്താനുള്ള ട്രിപ്പുകള്‍ മാത്രമാണ് നല്‍കിയിരുന്നത്. ആശുപത്രി കിടക്കയില്‍ രാജേശ്വരിയമ്മ വിളിച്ചുപറയുന്ന വാക്കുകള്‍ പലര്‍ക്കും ദഹിക്കാതെ വരുന്നതാണ് ആശുപത്രി മാറ്റത്തിന് പിന്നില്‍. പ്രദേശവാസികള്‍ അന്വേഷണ സംഘവുമായി സഹകരിക്കാതിരുന്നതിന് പിന്നില്‍ എം.എല്‍.എയുടെയും കുറുപ്പംപടി പഞ്ചായത്ത് അംഗത്തിന്‍െറയും വഴിവിട്ട ഇടപെടലാണെന്ന് അവര്‍ ആരോപിച്ചു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.