ജിഷ വധം: കൊലപാതക സമയം സംബന്ധിച്ച് കൂടുതല്‍ വ്യക്തത

പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതക സമയം സബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതായി പൊലീസ്. കൃത്യം നടന്നത് വൈകിട്ട് 5.35നും ആറ് മണിക്കും ഇടയിലാണെന്നാണ് പൊലീസ്  പറയുന്നത്. ഇത് സംബന്ധിച്ച് പരിസരവാസികളായ മൂന്ന് സ്ത്രീകൾ  പൊലീസിന് മൊഴി നൽകി. 5.40 ന് പെണ്‍കുട്ടിയുടെ നിലവിളിയും ഞരക്കവും കേട്ടതായി ഇവർ സുപ്രധാന മൊഴി നല്‍കിയിട്ടുണ്ട്. ഇതിലൂടെ കൃത്യം നടന്നത്  ഈ സമയത്ത് തന്നെ ആകാമെന്നാണ് പൊലീസ് അനുമാനിക്കുന്നത്.

ഒരു മണിക്കും ആറ് മണിക്കും ഇടയിലാണ് ജിഷ കൊല്ലപ്പെട്ടത് എന്നായിരുന്നു ഇതുവരെയുള്ള നിഗമനം. എന്നാൽ കൊല നടന്ന ദിവസം വൈകീട്ട് അഞ്ച് മണിക്ക് വെള്ളം എടുക്കുന്നതിനായി ജിഷ പുറത്തിറങ്ങിയതായി ഒരു അയൽവാസി മൊഴി നൽകി. ഇതോടെയാണ് കൊല നടന്ന സമയം സംബന്ധിച്ച് പൊലീസിന് വ്യക്തത വന്നത്. അഞ്ച് മണിക്ക് ശേഷമുള്ള ഒരു മണിക്കൂർ സമയത്തിനിടക്കാണ് കൊല നടന്നത്. ഘാതകനെന്ന് സംശയിക്കുന്നയാള്‍ 6.30ലൂടെ കനാല്‍ വഴി പോയതായും ഇവർ പൊലീസിനോട് വ്യക്തമാക്കി. ഇയാൾ മഞ്ഞ ഷർട്ടായിരുന്നു ധരിച്ചിരുന്നത്. വ്യാഴാഴ്ച അതു വഴി ഈ വേഷത്തിൽ ആരെയെങ്കിലും കണ്ടിരുന്നോ എന്ന് പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

കുറുപ്പംപടി വട്ടോളിപ്പടി കുറ്റിക്കാട്ടില്‍ വീട്ടില്‍ രാജേശ്വരിയുടെ മകള്‍ ജിഷ (30) കഴിഞ്ഞ വ്യാഴാഴ്ചയാണ് ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ തിങ്കളാഴ്ചയാണ് അന്വേഷണം ഊര്‍ജിതമായത്. സംഭവത്തിന് പിന്നില്‍ മറുനാടന്‍ തൊഴിലാളികളാണെന്ന വാദം ആദ്യമേതന്നെ പൊലീസ് തള്ളിയിരുന്നു. എന്നാല്‍, ബലാത്സംഗത്തിനുശേഷം ക്രൂരമായി കൊലപ്പെടുത്താനും അതിനുശേഷം മൃതദേഹം കുത്തിക്കീറി വികൃതമാക്കാനും തക്ക വൈരാഗ്യമുള്ളവര്‍ ആര് എന്ന ചോദ്യത്തിന് മുന്നില്‍ അന്വേഷണം വഴിമുട്ടുകയായിരുന്നു. ഏതെങ്കിലും മനോരോഗിയാണോ ഇത് ചെയ്തതെന്ന് അന്വേഷിച്ചെങ്കിലും സമാന രീതിയിലുള്ള സംഭവം സമീപ ജില്ലകളില്‍നിന്നുപോലും റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തില്‍ അതിനുള്ള സാധ്യതയും തള്ളി.

ജിഷയുടെ ദേഹത്ത് 38 ഓളം മുറിവുകളാണ്  ഉണ്ടായിരുന്നത്. മാറിടത്തിലും കഴുത്തിലുമായി 13 ഇഞ്ച് ആഴത്തിലുള്ള രണ്ട് മുറിവുകളും കണ്ടത്തെിയിരുന്നു. ജനനേന്ദ്രിയത്തില്‍ ഇരുമ്പു ദണ്ഡുകൊണ്ട് ആഴത്തില്‍ കുത്തിയിരുന്നു. തുടര്‍ന്ന് വന്‍കുടല്‍ പുറത്തുവരുകയും കമ്പികൊണ്ടുള്ള കുത്തില്‍ ജനനേന്ദ്രിയവും മലദ്വാരവും ഒന്നിച്ച അവസ്ഥയിലുമായിരുന്നു.





 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.