പകരം ഭൂമി വ്യവസ്ഥയില്‍ തൃശൂര്‍ അമലക്കും ഭൂമി

തിരുവനന്തപുരം: പകരം ഭൂമി നല്‍കാമെന്ന വ്യവസ്ഥയില്‍ തൃശൂര്‍ അമല കാന്‍സര്‍ ഹോസ്പിറ്റല്‍ സൊസൈറ്റിക്കും സര്‍ക്കാര്‍ പാട്ടഭൂമി നല്‍കി. സൊസൈറ്റി കൈവശം വെച്ചിരിക്കുന്ന 1987ല്‍ പാട്ടക്കാലാവധി കഴിഞ്ഞ 4.76 ഏക്കര്‍ ഭൂമിയില്‍നിന്ന് 2.12 ഏക്കര്‍ പതിച്ചുനല്‍കാനാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിശ്വാസ് മത്തേയുടെ ഉത്തരവ്. ഇതാകട്ടെ 1964ലെ ഭൂമിപതിവ് ചട്ടം 24 പ്രകാരം സര്‍ക്കാറില്‍ നിക്ഷിപ്തമായ പ്രത്യേക അധികാരം വിനിയോഗിച്ചാണ്. ഹോസ്പിറ്റലിന്‍െറ കൈവശമുള്ള ബാക്കി 2.64 ഏക്കര്‍ പാട്ടക്കുടിശ്ശികയായ 2.24 കോടി അടക്കുമ്പോള്‍ വ്യവസ്ഥകള്‍ക്ക് വിധേയമായി 30 വര്‍ഷത്തേക്ക് ആറൊന്നിന് 100 രൂപ (സെന്‍റിന് 40 രൂപ) നിരക്കില്‍ പാട്ടത്തിനും നല്‍കണമെന്നുമാണ് ഉത്തരവ്. കഴിഞ്ഞ ജനുവരി 18നാണ് റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവ് (ജി.ഒ-എം.എസ് നമ്പര്‍ 31 /2016/റവ.) ഇറക്കിയത്.  

തൃശൂര്‍ ജില്ലയിലെ പുഴക്കല്‍ വില്ളേജില്‍ സര്‍വേ നമ്പര്‍ ഒമ്പത് /രണ്ടില്‍ പാട്ടക്കാലാവധി കഴിഞ്ഞ 4.76 ഏക്കര്‍ ഭൂമി പതിച്ചുനല്‍കണമെന്നാവശ്യപ്പെട്ട് ഹോസ്പിറ്റല്‍ ഡയറക്ടര്‍ നേരത്തേ അപേക്ഷ നല്‍കിയിരുന്നു. ഭൂമി പതിച്ചുകിട്ടുന്നതിന് പകരം പാലക്കാട് ജില്ലയില്‍ 22.67 ഏക്കറും തൃശൂരില്‍ 18.93 ഏക്കറും ഭൂമി വാങ്ങി  ‘ഭൂരഹിതരില്ലാത്ത കേരളം പദ്ധതി’ക്ക് നല്‍കാമെന്നായിരുന്നു വ്യവസ്ഥ. ഇക്കാര്യത്തില്‍ ലാന്‍ഡ് റവന്യൂ കമീഷണര്‍ സര്‍ക്കാറിന് നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച് 4.76 ഏക്കര്‍ ഭൂമി 1982ലാണ് അമല ഹോസ്പിറ്റലിന് പാട്ടത്തിന് നല്‍കിയത്. ഇതിന്‍െറ പാട്ടക്കാലാവധി 1987ല്‍ തീര്‍ന്നു. പിന്നീട് സര്‍ക്കാര്‍ പാട്ടം പുതുക്കി നല്‍കിയതുമില്ല. അതേസമയം, സ്ഥാപനം 2.24 കോടി പാട്ടക്കുടിശ്ശിക അടക്കാനുമുണ്ട്. ഹോസ്പിറ്റല്‍ സൊസൈറ്റി കൈവശം വെച്ചിരിക്കുന്ന 4.76 ഏക്കറിന്‍െറ കമ്പോളവില 45.22 കോടി വരുമെന്നാണ് കണക്കാക്കുന്നത്. സൊസൈറ്റി നല്‍കാമെന്ന് ഉറപ്പുനല്‍കിയ ഭൂമിയുടെ വിലയാകട്ടെ 20.08 കോടിയും.
ഇങ്ങനെ പതിച്ചുനല്‍കുന്നതിന്‍െറയും പകരം നല്‍കുന്നതിന്‍െറയും കമ്പോളവിലയില്‍ തുല്യതയില്ളെന്ന് കമീഷണര്‍ ചൂണ്ടിക്കാട്ടി. പുഴക്കല്‍ വില്ളേജില്‍ സെന്‍റിന് കമ്പോളവില 9.50 ലക്ഷം രൂപയുണ്ട്. അതിനാല്‍ ഹോസ്പിറ്റല്‍ കൈവശം വെച്ചിരിക്കുന്ന ഭൂമിയില്‍ 20.08 കോടിക്ക് തുല്യമായ ഭൂമി പതിച്ചുനല്‍കാമെന്നായിരുന്നു നിര്‍ദേശം. ഇതനുസരിച്ചാണ് റവന്യൂവകുപ്പ് ഉത്തരവിറക്കിയത്. അതേസമയം, ഉത്തരവില്‍ പാലക്കാട് ജില്ലയില്‍ ഏത് വില്ളേജിലാണ് പകരം ഭൂമി നല്‍കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതുപോലെ ഉത്തരവിലെ പരാമര്‍ശത്തില്‍ പാലക്കാട് കലക്ടറുടെ റിപ്പോര്‍ട്ടുമില്ല.
അടുത്തകാലത്ത് സര്‍ക്കാറിന് ഇത്തരത്തില്‍ പകരം ഭൂമി ലഭിച്ചത് അട്ടപ്പാടി ഷോളയൂര്‍ ഗ്രാമപഞ്ചായത്തിലാണ്. ആലപ്പുഴ കായല്‍ കൈയേറിയവര്‍ അട്ടപ്പാടിയില്‍ പകരം ഭൂമി നല്‍കിയത് ആദിവാസി ഭൂമിയാണെന്ന വിവാദവും ഉയര്‍ന്നിരുന്നു. എന്നാല്‍, ഇക്കാര്യങ്ങളൊന്നും പരിശോധിക്കാതെയാണ് റവന്യൂവകുപ്പിന്‍െറ ഉത്തരവ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.