പാമോലിന്‍ കേസ്: പ്രാരംഭവാദം 30 മുതല്‍

തൃശൂര്‍: ബുധനാഴ്ചയിലെ സുപ്രീംകോടതി ഉത്തരവോടെ തടസ്സങ്ങള്‍ നീങ്ങിയ പാമോലിന്‍ കേസില്‍ ഈമാസം 30ന് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ പ്രാരംഭവാദം തുടങ്ങും. മാര്‍ച്ച് 29ന് കുറ്റപത്രം സംബന്ധിച്ച പ്രാഥമിക വാദം നടക്കവെ അസ്വാഭാവികമായി ഒന്നുമില്ളെന്നും തെളിവില്ളെന്നുമുള്ള എതിര്‍കക്ഷികളുടെ വാദത്തെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

മുന്‍ ഭക്ഷ്യമന്ത്രി ടി.എച്ച്. മുസ്തഫ ഹാജരാവാത്തതിനെയും കോടതി വിമര്‍ശിച്ചു. എന്നാല്‍, പാമോലിന്‍ ഇടപാട് കാലത്തെ സിവില്‍ സപൈ്ളസ് കോര്‍പറേഷന്‍ എം.ഡിയായിരുന്ന ജിജി തോംസണ്‍ ഹാജരായിരുന്നു. ജനുവരിയില്‍ മുന്‍ ചീഫ് സെക്രട്ടറിമാരായ പത്മകുമാര്‍, സക്കറിയ മാത്യു എന്നിവരെ കുറ്റമുക്തരാക്കുന്നതിനിടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കോടതി നിരീക്ഷണമുണ്ടായി. സി.എ.ജി റിപ്പോര്‍ട്ട് വേദവാക്യമായി എടുക്കേണ്ടെന്നും അതേസമയം, തെളിവില്ളെങ്കില്‍ കേസ് നിലനില്‍ക്കുന്നത് എന്തുകൊണ്ടാണെന്നുമായിരന്നു കോടതിയുടെ ചോദ്യം. കേസ് നീണ്ടു പോകുന്നതില്‍ സഹതാപമുണ്ടെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് എസ്.എസ് വാസന്‍, മുന്‍ ചീഫ് സെക്രട്ടറിമായ എം.കെ.കെ. നായര്‍, ആര്‍. രാമചന്ദ്രന്‍ നായര്‍ എന്നിവരുടെ ഭാവി തകര്‍ത്തത് അഴിമതി റിപ്പോര്‍ട്ടാണെന്ന് ചൂണ്ടിക്കാട്ടി ജിജി തോംസണെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.

പുതിയ ജഡ്ജി സി. ജയചന്ദ്രനാണ് ഇനി കേസ് പരിഗണിക്കുന്നത്. ടി.എച്ച്. മുസ്തഫ, ജിജി തോംസണ്‍, പി.ജെ. തോമസ് എന്നിവരുടെ ഹരജിയാണ് ബുധനാഴ്ച സുപ്രീംകോടതി തള്ളിയത്. കേസ് അനന്തമായി നീട്ടുകയാണെന്ന പ്രതിപക്ഷ നേതാവിന്‍െറ ഹരജി അംഗീകരിച്ച് വിചാരണ തുടരാനാണ് സുപ്രീംകോടതി നിര്‍ദേശം. കേസില്‍ 23ാം സാക്ഷിയാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അന്നത്തെ ചീഫ് സെക്രട്ടറി ഫയല്‍ ധനമന്ത്രി കാണണമെന്ന് കുറിപ്പെഴുതുകയും ഫയലില്‍ ധനമന്ത്രി ഒപ്പുവെക്കുകയും ചെയ്തതിനാല്‍ ഉദ്യോഗസ്ഥരില്‍ കുറ്റം ചുമത്താനാവില്ളെന്നാണ് നേരത്തെ വിജിലന്‍സ് കോടതി നിരീക്ഷിച്ചത്.

അഴിമതിനിരോധ നിയമപ്രകാരം കുറ്റവിചാരണക്ക് കേന്ദ്രസര്‍ക്കാറിന്‍െറ അനുമതി ലഭിച്ചിട്ടില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് പി.ജെ. തോമസും ജിജി തോംസണും ഹരജി നല്‍കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.