തിരുവനന്തപുരം: ന്യൂഡൽഹിയിൽനിന്ന് തിരുവനന്തപുരത്തെത്തുന്ന പ്രത്യേക ട്രെയിനിലെ യാത്രക്കാരെ സ്വീകരിക്കാൻ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി കലക്ടർ കെ. ഗോപാലകൃഷ്ണൻ അറിയിച്ചു. ഇതുസംബന്ധിച്ച് ചേർന്ന യോഗത്തിലാണ് തീരുമാനം. അറുനൂറിലേറെ യാത്രക്കാരാണ് ഉണ്ടാവുക. കേരളത്തിൽ കോഴിക്കോട്, എറണാകുളം സൗത്ത്, തിരുവനന്തപുരം സെൻട്രൽ എന്നീ സ്റ്റോപ്പുകൾ മാത്രമുള്ളതിനാൽ അയൽ ജില്ലകളിലേക്കും തമിഴ്നാട്ടിലേക്കുമുള്ള യാത്രക്കാരും ട്രെയിനിൽ ഉണ്ടാകാം.
ഇവരെല്ലാംതന്നെ കോവിഡ്-19 ജാഗ്രതാ ആപ്പിൽ പാസ് നേടിയിട്ടുണ്ടാവും. ഇതുസംബന്ധിച്ച സന്ദേശം റെയിൽവേ യാത്രക്കാർക്ക് അയച്ചുകഴിഞ്ഞു. യാത്രക്കാരുടെ ആരോഗ്യ പരിശോധന സുഗമമാക്കുന്നതിന് കേരളത്തിലേക്കു കടക്കുമ്പോൾ ട്രെയിനിൽ െവച്ചുതന്നെ പൂരിപ്പിക്കാനായി ചോദ്യാവലി നൽകും.
തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ ഇതു പരിശോധിക്കം. ഊഷ്മാവ് പരിശോധന, മറ്റ് ലക്ഷണങ്ങൾ ഉണ്ടോ എന്നത് തുടങ്ങിയവ ഡോക്ടർമാരുടെ സംഘം പരിശോധിക്കും. ഇതിനായി ബോഗിയിൽനിന്ന് ഇറങ്ങുമ്പോൾതന്നെ ഹെൽപ്പ് ഡെസ്കിലേക്ക് എത്തുന്നതരത്തിൽ ക്രമീകരണം ഏർപ്പെടുത്തും.
ചികിത്സ വേണ്ടവരെ ആശുപത്രിയിൽ എത്തിക്കും. മറ്റുള്ളവരെ ജില്ലതിരിച്ച് കെ.എസ്.ആർ.ടി.സി ബസുകളിൽ അതത് സ്ഥലങ്ങളിൽ എത്തിക്കും. തമിഴ്നാട് സ്വദേശികളെ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷെൻറ ബസുകളിലും നാടുകളിൽ എത്തിക്കും.വെള്ളിയാഴ്ച രാവിലെ അേഞ്ചാടെയാണ് 02342 നമ്പർ പ്രത്യേക തീവണ്ടി തിരുവനന്തപുരം സെൻട്രലിൽ എത്തുക. അന്ന് വൈകീട്ട് 7.40ഓടെ ന്യൂഡൽഹിയിലേക്ക് (നമ്പർ 02431) മടക്കയാത്രയുണ്ടാകും.
തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ ചേർന്ന യോഗത്തിൽ ഡി.സി.പി കറുപ്പുസ്വാമി, അസി. കലക്ടർ അനുകുമാരി, എ.ഡി.എം ആർ.വി. വിനോദ്, റെയിൽവേ സ്റ്റേഷൻ മാനേജർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.