കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ), ഡീപ് ഫേക് സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ഓൺലൈനായി പണം തട്ടിയ കേസിൽ അറസ്റ്റിലാവാനുള്ള മുഖ്യപ്രതി മറ്റൊരു കേസിൽ പിടിയിലായി തിഹാർ ജയിലിലെന്ന് സൂചന. കോഴിക്കോട് സ്വദേശിയുടെ 40,000 രൂപ തട്ടിയ കേസിൽ അടുത്തിടെ അറസ്റ്റിലായ മഹാരാഷ്ട്ര സ്വദേശികളായ സിദ്ധേഷ് ആനന്ദ് കാർവെ, അമരീഷ് അശോക് പാട്ടിൽ എന്നിവരെ ചോദ്യം ചെയ്തപ്പോഴാണ് കേസന്വേഷിക്കുന്ന കോഴിക്കോട് സൈബർ ക്രൈം പൊലീസിന് നിർണായക വിവരം ലഭിച്ചത്. മുഖ്യപ്രതിയും ഗുജറാത്ത് സ്വദേശിയുമായ കൗശൽ ഷാ ഡൽഹി സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായി തിഹാർ ജയിലിലാണ് എന്നാണ് ഇവർ വെളിപ്പെടുത്തിയത്. കൗശൽ ഷായെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത് കേരള പൊലീസ് പ്രാഥമികമായി സ്ഥിരീകരിച്ചെങ്കിലും ഇയാൾ ജാമ്യത്തിലിറങ്ങിയോ എന്നതിൽ വ്യക്തതയില്ല. ജുഡീഷ്യൽ കസ്റ്റഡിയിലാണെങ്കിൽ കോടതി അനുമതിയോടെ ജയിലിൽ പോയി അറസ്റ്റ് രേഖപ്പെടുത്തും. തുടർന്ന് കസ്റ്റഡിയിൽ കിട്ടാനുള്ള അപേക്ഷയും നൽകും. കേസിൽ കൗശൽ ഷായുടെ കൂട്ടാളി ഗുജറാത്ത് സ്വദേശി ഷെയ്ഖ് മുർസു മയ്ഹയാത്ത് നവംബറിൽ അറസ്റ്റിലായിരുന്നു. അന്ന് ഇയാൾ പറഞ്ഞത് കൗശൽ ഷാ നേപ്പാളിലേക്ക് കടന്നു എന്നായിരുന്നു. കേസിലിപ്പോൾ കൗശൽ ഷാക്ക് തട്ടിപ്പിനായി സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളും സംഘടിപ്പിച്ചവരും വ്യാജ വാട്സ്ആപ് അക്കൗണ്ടുകൾ നിർമിക്കുന്നതിന് സഹായം ചെയ്തയാളുമടക്കം മൂന്നു പേർ റിമാൻഡിലാണ്. ഇവരിൽനിന്ന് തട്ടിപ്പിനുപയോഗിച്ച ആറു മൊബൈൽ ഫോണുകൾ, 30 സിം കാർഡുകൾ, പത്ത് എ.ടി.എം കാർഡുകൾ, ബാങ്ക് ചെക്ക് ബുക്കുകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനുള്ള ആലോചനയും അന്വേഷണ സംഘത്തിനുണ്ട്. കൗശൽ ഷാ നേരത്തേയും നിരവധി സാമ്പത്തിക തട്ടിപ്പു കേസിൽ ഉൾപ്പെട്ടതായും പൊലീസിന് വിവരം ലഭിച്ചു. പരാതിക്കാരന്റെ അക്കൗണ്ടിൽനിന്ന് തട്ടിയെടുത്ത പണം എത്തിയ ജിയോ പേമെന്റ് ബാങ്കിന്റെ അക്കൗണ്ട് ഗുജറാത്ത് അഹ്മദാബാദിലെ ഉസ്മാൻ പുര ഭാഗത്തുള്ള കൗശൽ ഷായുടെ പേരിലുള്ള അക്കൗണ്ടിലേക്കും തുടർന്ന് ഗോവ ബേസ് ചെയ്ത ഒരു ഗെയിമിങ് പ്ലാറ്റ്ഫോമിന്റെ പേരിലുള്ള ആർ.ബി.എൽ ബാങ്കിന്റെ അക്കൗണ്ടിലേക്കുമാണ് എത്തിയതെന്നും വ്യക്തമായിരുന്നു.
കോൾ ഇന്ത്യ ലിമിറ്റഡിൽനിന്ന് വിരമിച്ച പാലാഴി സ്വദേശി പി.എസ്. രാധാകൃഷ്ണനിൽനിന്നാണ് ജൂലൈയിൽ സംഘം ഓൺലൈനായി 40,000 രൂപ തട്ടിയത്. മുമ്പ് ഒപ്പം ജോലി ചെയ്ത ആന്ധ്ര സ്വദേശിയായ സുഹൃത്തെന്ന് പരിചയപ്പെടുത്തി വിഡിയോ കാളിൽ വന്ന്, ഭാര്യാസഹോദരിയുടെ ശസ്ത്രക്രിയക്കായി കൂടെയുള്ള ആള്‍ക്ക് അയക്കാൻ പണം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു തട്ടിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.