പത്തനംതിട്ട: നടൻ മോഹൻലാലിനെതിരെ പറഞ്ഞ പരാമർശങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും എന്നാൽ ഉപയോഗിച്ച വാക്കുകൾ ശരിയായില്ലെന്നും യുട്യൂബർ ചെകുത്താൻ എന്ന അജു അലക്സ് പറഞ്ഞു. ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
മോഹൻലാൽ വയനാട്ടിൽ പോയത് ശരിയായില്ല. അവിടെ പരിശീലനം കിട്ടിയ ആളുകളുടെ സാന്നിധ്യമാണ് ആവശ്യം. സൈന്യത്തിന്റെ വിലപ്പെട്ട സമയം മോഹൻലാലിന്റെ സന്ദർശനത്തോടെ നഷ്ടപ്പെട്ടു. അദ്ദേഹത്തിനെതിരെ സൈന്യത്തിന് പരാതി നൽകുമെന്നും അജു അലക്സ് പറഞ്ഞു.
വയനാട്ടിലെ ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനത്തിന് എത്തിയ നടൻ മോഹൻലാലിനെ സാമൂഹിക മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാണിച്ച് അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖ് നൽകിയ പരാതിയിലാണ് തിരുവല്ല പൊലിസ് കേസെടുത്ത് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രിയോടെയാണ് തിരുവല്ല പൊലിസ് അജുവിനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്. ഇനിയും അഭിപ്രായങ്ങൾ തുറുന്നു പറയുമെന്ന് അജു അലക്സ് പ്രതികരിച്ചു. മോഹൻലാലിനെതിരെയുള്ള വിഡിയോ ഡിലീറ്റ് ചെയ്തത് പൊലീസ് പറഞ്ഞത് കൊണ്ടാണ്. പൊലിസ് കേസെടുത്ത ഉടനെ ഒളിവിലാണെന്നൊക്കെ പലരും പ്രചരിപ്പിച്ചു. അഴിക്കുള്ളിലായത് പോലുള്ള ചിത്രങ്ങളായിരുന്നു പ്രചരിച്ചിരുന്നത്. പൊലിസ് പറഞ്ഞതിനെ തുടർന്ന് സ്റ്റേഷനിലെത്തിയത്. കേസിനെ ഭയപ്പെടുന്നില്ലെന്നും അജു അലക്സ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.