കോഴിക്കോട്: കോഴിക്കോട്ടുനിന്ന് മൃതദേഹവുമായി ബിഹാറിലേക്ക് പോകുംവഴി മധ്യപ്രദേശിൽ ആക്രമണത്തിനിരയായ ആംബുലൻസ് തിങ്കളാഴ്ച അർധരാത്രിയോടെ ലക്ഷ്യസ്ഥാനത്തെത്തി. നാലു ദിവസം കൊണ്ട് 3700 കിലോമീറ്റർ സഞ്ചരിച്ചാണ് നേപ്പാൾ അതിർത്തിയിലെ ബിഹാറിലെ ഗ്രാമത്തിൽ മൃതദേഹമെത്തിച്ചത്.
കോഴിക്കോട്ടെ സന്നദ്ധപ്രവർത്തകനായ ടി. ഫഹദിന്റെ നേതൃത്വത്തിലാണ് മൃതദേഹം കൊണ്ടുപോയത്. മധ്യപ്രദേശിൽ ശനിയാഴ്ച രാവിലെ 11ഓടെ വിജനമായ പാതയിലൂടെ സഞ്ചരിക്കുന്നതിനിടയിലാണ് ആംബുലൻസിന് നേരെ ആക്രമണമുണ്ടായത്. ചില്ല് തകർന്ന് യാത്ര പ്രതിസന്ധിയിലായി. ശനിയാഴ്ച രാത്രിയോടെ ചില്ല് മാറ്റി യാത്ര തുടർന്നു. എയർഗൺ ഉപയോഗിച്ചാണ് ആക്രമണം എന്നാണ് സംശയം. അക്രമികളെ കണ്ടെത്താനായിട്ടില്ല. കൊള്ളസംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം.
ഫറോക്ക് പൊലീസ് സ്റ്റേഷൻ പരിധിയിൽ ട്രെയിൻ തട്ടി മരിച്ച ബിഹാർ സ്വദേശി അൻവറിന്റെ മൃതദേഹമാണ് നാട്ടിലെത്തിച്ചത്. ആംബുലൻസിന് നേരെ ആക്രമണം നടന്ന വിവരം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ബിഹാർ മുഖ്യമന്ത്രിക്ക് മെയിൽ അയച്ചിരുന്നു. കേരള പൊലീസും വിഷയത്തിൽ ഇടപെട്ടു. ബിഹാർ അതിർത്തി കടന്നതോടെ പൊലീസ് സുരക്ഷയോടെയാണ് മൃതദേഹം ലക്ഷ്യസ്ഥാനത്തെത്തിച്ചതെന്ന് ഫഹദ് മാധ്യമത്തോട് പറഞ്ഞു. സാഹസികമായാണ് മൃതദേഹം ബിഹാറിലെ പൂർണിയ ജില്ലയിൽപെടുന്ന ഗ്രാമത്തിൽ എത്തിച്ചത്. മാത്തറ സ്വദേശി രാഹുൽ ഫഹദിനൊപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.