തിരുവമ്പാടി: വയനാട്ടിലേക്കുള്ള ആനക്കാംപൊയിൽ -കള്ളാടി-മേപ്പാടി തുരങ്കപാതക്ക് 2134.5 കോടി രൂപ കിഫ്ബി അനുവദിച്ചു. ചൊവ്വാഴ്ച ചേർന്ന കിഫ്ബി യോഗത്തിലാണ് തുക അനുവദിച്ചത്. നേരത്തേ തുരങ്കപാതക്ക് 658 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു.
കൊങ്കൺ റെയിൽവേ കോർപറേഷൻ തയാറാക്കിയ വിശദ പദ്ധതി റിപ്പോർട്ട് പ്രകാരമാണ് 2134.5 കോടി രൂപയുടെ ചെലവ് കണക്കാക്കിയത്.
വനംവകുപ്പ് അനുമതി, സർക്കാർ ഭരണാനുമതി എന്നിവ ലഭിച്ചാൽ തുരങ്കപാത നിർമാണ നടപടികളിലേക്ക് കടക്കാനാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഏഴു കി.മീ ദൂരത്തിൽ തുരങ്കം നിർമിക്കാനാണ് പദ്ധതി. പ്രവൃത്തി പൂർത്തീകരിച്ചാൽ രാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്കമായിരിക്കുമിത്.
ആനക്കാംപൊയിൽ മുത്തപ്പൻപുഴയിലെ മറിപ്പുഴ വരെയാണ് നിലവിൽ റോഡ് സൗകര്യമുള്ളത്. ഇവിടെ ഇരുവഴിഞ്ഞിപ്പുഴക്ക് കുറുകെ പാലവും അപ്രോച്ച് റോഡും നിർമിക്കണം. മറിപ്പുഴ–ചേർക്കാപ്പുഴ റോഡ് കവലയിൽനിന്ന് തുരങ്കം ആരംഭിക്കുന്ന ചേനപ്പാറ വരെ സ്ഥലം ഏറ്റെടുക്കാൻ സർവേ പൂർത്തീകരിച്ചിരുന്നു.
ഇവിടെ 510 മീറ്റർ ദൂരത്തിലാണ് റോഡ് നിർമിക്കേണ്ടത്. കോടഞ്ചേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളിലെ സ്വകാര്യവ്യക്തികളുടെ ഏഴ് ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടിവരും. സ്വകാര്യ ഭൂമി ഏറ്റെടുക്കൽ സംബന്ധിച്ച് റവന്യൂ വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, കൊങ്കൺ റെയിൽവേ അധികൃതർ പ്രദേശത്ത് സംയുക്ത പരിശോധന നടത്തിയിരുന്നു. വയനാട് ജില്ലയിലെ മേപ്പാടിയിൽ അവസാനിക്കുന്നതാണ് നിർദിഷ്ട തുരങ്കപാത.
മേപ്പാടിയിൽനിന്ന് കള്ളാടിവരെ നിലവിൽ റോഡ് സൗകര്യമുണ്ട്.തുരങ്കപാത യാഥാർഥ്യമായാൽ മലപ്പുറം, കോഴിക്കോട് ജില്ലകളെ വയനാടുമായും മൈസൂരു, ബംഗളൂരു നഗരങ്ങളുമായും എളുപ്പത്തിൽ ബന്ധിപ്പിക്കാം. അതേസമയം, തുരങ്കപാത പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന വിമർശനം പരിസ്ഥിതി പ്രവർത്തകർ ഉയർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.