കാണാതായ രണ്ട് വയസുകാരിക്കായി തിരച്ചിൽ ഊർജിതമെന്ന് ആന്‍റണി രാജു

തിരുവനന്തപുരം: കണാതായ നാടോടി ദമ്പതികളുടെ രണ്ട് വയസുകാരി മകൾക്കായി തിരച്ചിൽ നടക്കുന്നതായി ആന്‍റണി രാജു എം.എൽ.എ. ജനങ്ങളുടെ സഹകരണത്തോടെയാണ് ഊർജിത അന്വേഷണം നടക്കുന്നതെന്നും ആന്‍റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.

ഇന്നലെ അർധരാത്രി 12 മണിയോടെയാണ് തിരുവനന്തപുരം പേട്ടയിൽ നാടോടി ദമ്പതികളുടെ കുട്ടിയെ തട്ടിക്കൊണ്ടുപോയിതായി പരാതി ലഭിച്ചത്. ഹൈദരാബാദ് സ്വദേശികളായ അമർദീപ്-റബീന ദേവി ദമ്പതികളുടെ രണ്ട് വയസുള്ള മകൾ മേരിയെയാണ് കാണാതായത്. കുട്ടിയെ കണ്ടെത്താനായി പേട്ട പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ കുറിച്ച് വിവരം ലഭിക്കുന്നവർ കൺട്രോൾ റൂം: 112, 0471 2743195 എന്നീ നമ്പറുകളിൽ വിവരം അറിയിക്കണമന്ന് പൊലീസ് ആവശ്യപ്പെട്ടു.

തിരുവനന്തപുരം പേട്ടയിൽ ഓൾസെയിന്‍റ്സ് കോളജിന് സമീപമാണ് സംഭവം. വെള്ള പുള്ളിയുള്ള ടീഷർട്ടും നിക്കറുമാണ് കുട്ടി ധരിച്ചിരുന്നത്. ആക്ടീവ സ്കൂട്ടറിലെത്തിയ രണ്ടു പേരാണ് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നാണ് പൊലീസിന് ലഭിച്ച മൊഴി.

വഴിയരികിൽ മൂന്ന് സഹോദരങ്ങൾക്കൊപ്പമാണ് മേരി ഉറങ്ങിയിരുന്നത്. അർധരാത്രി ഒരു മണിക്ക് ശേഷം ഉണർന്നപ്പോൾ കുട്ടിയെ കാണാനില്ലെന്ന് രക്ഷിതാക്കൾ പറയുന്നു. മഞ്ഞ നിറമുള്ള വാഹനമാണെന്ന് സഹോദരൻ മൊഴി നൽകിയത്. പ്രാഥമിക തിരച്ചിൽ നടത്തിയ ശേഷം ദമ്പതികൾ പേട്ട പൊലീസിനെ സമീപിക്കുകയായിരുന്നു.

ശംഖുമുഖം ആഭ്യന്തര ടെർമിനൽ, ബ്രഹ്മോസ് എന്നിവ സ്ഥിതി ചെയ്യുന്ന ചാക്കയിൽ നിന്ന് വിമാനത്താവളത്തിലേക്ക് വരുന്ന പ്രധാന പാതയുടെ സമീപത്തെ ലോറികൾ നിർത്തിയിടുന്ന തുറസ്സായ സ്ഥലത്താണ് ദമ്പതികൾ കഴിഞ്ഞിരുന്നത്. തേൻ എടുക്കുന്ന ജോലിയിലാണ് ദമ്പതികൾ ഏർപ്പെട്ടിരുന്നത്.

Tags:    
News Summary - Antony Raju said that the search for the missing two-year-old girl is intense

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.