കോഴിക്കോട്: അട്ടപ്പാടി മധു കൊലക്കേസ് അന്വേഷണത്തിൽ സർക്കാരിന്‍റേത് മാപ്പർഹിക്കാത്ത ഗുരുതര വീഴ്ചയെന്ന് കെ.പി.സി.സി മുൻ പ്രസിഡന്‍റ് വി.എം. സുധീരൻ. ഈ കേസ് പഴുതുകളടച്ചു ഫലപ്രദമായി നടത്താനും കുറ്റവാളികളെ ശിക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും കഴിയുന്ന രീതിയിൽ ആവശ്യമായ നടപടി സ്വീകരിക്കണെന്ന് മുഖ്യമന്ത്രിക്ക് എഴുതിയ കത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
ഈ കേസിൽ നിയമവ്യവസ്ഥയുടെയും സർക്കാറിന്‍റെയും വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുന്ന സാഹര്യമാണുള്ളത്. അതിന്റെ അതീവ ഗൗരവസ്വഭാവം കണക്കിലെടുത്ത് നിയമവിദഗ്ധരും മറ്റു ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് അനുയോജ്യമായ നടപടികൾ സ്വീകരിക്കണം.
സാക്ഷികളുടെ ഈ കൂട്ടകൂറുമാറ്റത്തെക്കുറിച്ച് കൃത്യമായ അന്വേഷണം നടത്തണം. കൂറുമാറ്റം നടത്തിയവർക്കും അതിന് വഴിയൊരുക്കുന്ന നിലയിൽ അവിഹിത സ്വാധീനവും കടുത്ത സമ്മർദവും ചെലുത്തിയവർക്കുമെതിരെ കർകശമായ നടപടികൾ സീകരിക്കാനും തയാറാകണം.
ആദിവാസി ക്ഷേമവും സുരക്ഷയും ഉറപ്പുവരുത്താൻ ബാധ്യസ്ഥമായ ഭരണകൂടം ഈ കേസിൽ മൂകസാക്ഷിയായി നിഷ്ക്രിയ നിലയിൽ കേവലം കാഴ്ചക്കാരായി മാറുന്ന സാഹചര്യം ജനാധിപത്യ കേരളത്തിന് അപമാനമാണ്. ഈ കേസിൽ മുഖ്യമന്ത്രി നേരിട്ട് അടിയന്തിരമായി ഇടപെടണമെന്നും കത്തിൽ സുധീരൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.