ബേലൂർ മഖ്ന വീണ്ടും കേരള-കർണാടക അതിർത്തിയിൽ; നിരീക്ഷണം ശക്തമാക്കി ദൗത്യസംഘം

മാനന്തവാടി: ദൗത്യസംഘത്തെ വട്ടംകറക്കുന്ന കൊലയാളി കാട്ടാന ബേലൂര്‍ മഖ്‌ന നാഗർ ഹോള വനമേഖലയിൽ നിന്ന് കേരള-കർണാടക അതിർത്തിയിൽ തിരികെ എത്തി. ഞായറാഴ്ച രാത്രിയോടെയാണ് കാട്ടാന തിരികെ കേരള-കർണാടക അതിർത്തിയിൽ എത്തിയത്.

ശനിയാഴ്ച രാത്രി ആനപ്പാറ-കാട്ടിക്കുളം-ബാവലി റോഡിന്‍റെ ഒരു കിലോമീറ്ററോളം ഉള്ളിലായി ആനയുടെ സിഗ്നല്‍ ലഭിച്ചിരുന്നു. ദൗത്യസംഘം ബാവലി കാട്ടിൽ നിലയുറപ്പിച്ചെങ്കിലും ഞായറാഴ്ച പകൽ കാട്ടാന തിരികെ വന്നില്ല. അതിർത്തിയിൽ നിന്ന് രണ്ട് കിലോമീറ്റർ ഉള്ളിലേക്ക് നീങ്ങുകയായിരുന്നു. കാട്ടാന കേരളത്തിലേക്ക് തിരിച്ചെത്തുന്നത് ദൗത്യസംഘം നിരീക്ഷിക്കുകയാണ്.

കേരള വനമേഖല പരിചിതമായതിനാല്‍ രാത്രിയോടെ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലായിരുന്നു ദൗത്യസംഘം. ദുഷ്‌കരമായ ഭൂപ്രകൃതിയാണ് സംഘത്തിന് വെല്ലുവിളിയുയര്‍ത്തുന്നത്. കുങ്കിയാനകളുടെ സാമീപ്യം അതിവേഗം മനസ്സിലാക്കി വേഗത്തില്‍ ഉള്‍വലിയുന്നതും മറ്റൊരു മോഴയാനയുടെ കൂട്ടും വെല്ലുവിളി വർധിപ്പിക്കുന്നു.

ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം റേഡിയോ കോളര്‍ സിഗ്നലുകള്‍ അടിസ്ഥാനമാക്കിയാണ് തിരച്ചില്‍ നടത്തുന്നത്. ഫെബ്രുവരി 11 മുതലാണ് മയക്കുവെടി ദൗത്യം ആരംഭിച്ചത്. ദിവസങ്ങള്‍ വൈകിയാലും കൊലയാനയെ മയക്കി കൂട്ടിലാക്കാന്‍ കഴിയുമെന്നാണ് ദൗത്യസംഘത്തിന്‍റെ പ്രതീക്ഷ.

Tags:    
News Summary - Belur Makhna again on Kerala-Karnataka border; The task force intensified the surveillance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.