sujanya gopi 98798

സുജന്യ ഗോപി, സലിഷ് മോൻ

കളഞ്ഞു കിട്ടിയ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടി; ബി.ജെ.പി വനിതാ നേതാവും സഹായിയും അറസ്റ്റിൽ

ചെങ്ങന്നൂര്‍: കളഞ്ഞു കിട്ടിയ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് പണം തട്ടിയ കേസില്‍ ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗവും ഓട്ടോ ഡ്രൈവറും അറസ്റ്റില്‍. ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ തിരുവന്‍വണ്ടൂര്‍ ഡിവിഷന്‍ അംഗം തിരുവന്‍വണ്ടൂര്‍ വനവാതുക്കര തോണ്ടറപ്പടിയില്‍ വലിയ കോവിലാല്‍ വീട്ടില്‍ സുജന്യ ഗോപി (42), ഓട്ടോഡ്രൈവർ കല്ലിശ്ശേരി വല്യത്ത് ലക്ഷ്മി നിവാസില്‍ സലിഷ് മോന്‍ (46) എന്നിവരെയാണ് ചെങ്ങന്നൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം കണ്ടത്തുംകുഴിയില്‍ വിനോദ് ഏബ്രഹാമിന്റെ പരാതിയിലാണ് അറസ്റ്റ്.

ഇക്കഴിഞ്ഞ 14ന് രാത്രി കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായ ഭാര്യയെ ജോലിക്കായി കൊണ്ടു വിട്ട ശേഷം തിരിച്ചു വീട്ടിലേക്ക് വരുമ്പോഴാണ് വിനോദിന്റെ പേരിലുള്ള കല്ലിശ്ശേരി മലബാര്‍ ഗ്രാമീണ്‍ ബാങ്കിന്റെ എ.ടി.എം കാര്‍ഡ് അടങ്ങിയ പേഴ്‌സ് നഷ്ടമായത്. വഴിയില്‍ നിന്നും ഓട്ടോഡ്രൈവറായ സലിഷ് മോന് പേഴ്‌സ് ലഭിച്ചു. ഈ വിവരം പൊതുപ്രവർത്തകയായ സുജന്യയെ അറിയിക്കുകയായിരുന്നു.

ഉടമയെ കണ്ടെത്തി പഴ്സ് കൈമാറുന്നതിന് പകരം പണം തട്ടാനാണ് ഇരുവരും തീരുമാനിച്ചത്. ഇരുവരും സ്‌കൂട്ടറില്‍ 15ന് രാവിലെ ആറിനും എട്ടിനും ഇടയില്‍ ബുധനൂര്‍, പാണ്ടനാട്, മാന്നാര്‍ എന്നിവിടങ്ങളിലെ എ.ടി.എം കൗണ്ടറുകളില്‍ എത്തി 25,000 രൂപ പിന്‍വലിച്ചു. അക്കൗണ്ടില്‍ 28,000 രൂപയാണ് ഉണ്ടായിരുന്നത്. എ.ടി.എം കാര്‍ഡിനോടൊപ്പം എഴുതി സൂക്ഷിച്ചിരുന്ന പിന്‍ നമ്പര്‍ ഉപയോഗിച്ചാണ് തുക പിന്‍വലിച്ചത്. തുക പിന്‍വലിച്ചതായുള്ള ബാങ്കിന്റെ സന്ദേശങ്ങള്‍ വിനോദ് ഏബ്രഹാമിന് ലഭിക്കുന്നുണ്ടായിരുന്നു. പണം നഷ്ടമായ വിവരം അറിഞ്ഞ വിനോദ് ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കി.

അതിനിടെ, നഷ്ടമായ പേഴ്‌സ് 16ന് പുലര്‍ച്ചെ കല്ലിശ്ശേരി-ഓതറ റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ എസ്.എച്ച്.ഒ എ.സി. വിപിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്‍ എ.ടി.എം കൗണ്ടറുകളുടെയും സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇരുവരും സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന ദ്യശ്യങ്ങളും എ.ടി.എം കൗണ്ടറിലെ ദൃശ്യങ്ങളും തെളിവായി ലഭിച്ചു. സ്‌കൂട്ടര്‍ നമ്പറില്‍ നിന്നുമാണ് സലിഷിനെയും തുടര്‍ന്ന് സുജന്യയെയും പിടികൂടിയത്.

Tags:    
News Summary - BJP woman leader and aide arrested for defrauding people using stolen ATM card

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.