കൊച്ചി: ഇടുക്കി വണ്ടിപ്പെരിയാറിൽ 2013ൽ സഹോദരങ്ങളായ വിദ്യാർഥികളെ ചുട്ടുകൊന്ന കേസിലെ പ്രതിയെ ഹൈകോടതി വെറുതെ വിട്ടു. 2013 മാർച്ച് 21ന് പുലർച്ച വണ്ടിപ്പെരിയാർ കോളനിയിലെ താമസക്കാരായ ദമ്പതികളുടെ വീട്ടിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരുടെ മക്കളായ ഭഗവതി (17), ശിവ (11) എന്നിവരെ പെട്രോൾ ഒഴിച്ച് കത്തിച്ച സംഭവത്തിലെ പ്രതി 33കാരനായ മാരിമുത്തുവിനെയാണ് വെറുതെ വിട്ടത്.
ജസ്റ്റിസ് പി.ബി. സുരേഷ് കുമാർ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചിന്‍റേതാണ് വിധി. ഇടുക്കി മഞ്ഞുമല സ്വദേശി മാരിമുത്തുവിന് തൊടുപുഴ ഒന്നാം അഡീഷനൽ സെഷൻസ് കോടതി ഇരട്ട ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരുന്നത്. തെളിവിന്‍റെ അഭാവത്തിലാണ് വെറുതെ വിടുന്നതെന്ന് വിചാരണക്കോടതിയുടെ ശിക്ഷാവിധിക്കെതിരെ പ്രതിയുടെ അപ്പീൽ അനുവദിച്ച് കോടതി വ്യക്തമാക്കി.
അമ്മയുമായുള്ള ബന്ധം കുട്ടികൾ ചോദ്യം ചെയ്തതിലെ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. വണ്ടിപ്പെരിയാർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കുട്ടികൾ കൊല്ലപ്പെട്ടതാണെന്ന് വ്യക്തമാണെങ്കിലും പ്രതി പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയെന്ന് സംശയാതീതമായി തെളിയിക്കാനായില്ലെന്ന് വിലയിരുത്തിയ കോടതി ശിക്ഷ റദ്ദാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.