കോഴിക്കോട്: ജനജീവിതം ദുഷ്കരമാക്കുന്ന നികുതി വ്യവസ്ഥകളാണ് സർക്കാർ ബജറ്റിൽ കൊണ്ടുവന്നതെന്നും വിലക്കയറ്റം സൃഷ്ടിക്കുന്ന നികുതി വർധന പിൻവലിക്കണമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. ഡീസലിനും പെട്രോളിനും ലിറ്ററിന് രണ്ടുരൂപ വർധിപ്പിച്ചത് വൻ വിലക്കയറ്റത്തിനിടയാക്കും. വ്യാപാരി ക്ഷേമപെൻഷൻ 1600ൽനിന്ന് 1300 ആയി കുറച്ചത് വർധിപ്പിക്കാൻ പോലും സർക്കാർ തയാറായില്ല.
ജി.എസ്.ടി നടപ്പാക്കിയപ്പോഴുള്ള അപാകതകൾ ഇതുവരെ പരിഹരിച്ചിട്ടില്ലെന്നും സംസ്ഥാന ഭാരവാഹികൾ ചൂണ്ടിക്കാട്ടി. വികസനത്തിനായി ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് പുനരധിവാസം ഉറപ്പാക്കുക, വെട്ടിക്കുറച്ച വ്യാപാരി ക്ഷേമനിധി പെൻഷൻ പുനഃസ്ഥാപിക്കുക, വർധിപ്പിച്ച വെള്ളക്കരം പിൻവലിക്കുക, ഡീസൽ, പെട്രോൾ പ്രത്യേക സെസ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളും നേതാക്കൾ ഉന്നയിച്ചു. ബജറ്റിലെ വ്യാപാരിദ്രോഹ നടപടികൾക്കെതിരെ പ്രക്ഷോഭം ആരംഭിക്കും. ഫെബ്രുവരി 20 മുതൽ ജില്ലതല പ്രചാരണ ജാഥകൾ സംഘടിപ്പിക്കും. 28ന് സംസ്ഥാന കൗൺസിൽ അംഗങ്ങൾ സെക്രട്ടേറിയറ്റിന് മുന്നിൽ ധർണ നടത്തും. ഭാരവാഹികളായ രാജു അപ്സര, പി. കുഞ്ഞാവു ഹാജി, കെ. സേതുമാധവൻ, കെ.വി. അബ്ദുൽ ഹമീദ്, എം.കെ. തോമസ് കുട്ടി, ദേവസ്യ മേച്ചേരി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.