ഇ.പിയെ മാറ്റിയതിലൂടെ യു.ഡി.എഫ് ആരോപണം ശരിയെന്ന് തെളിഞ്ഞു -വി.ഡി സതീശൻ

തിരുവനന്തപുരം: ഇ.പി ജയരാജനെ സി.പി.എം മാറ്റിയതിലൂടെ പാർട്ടിക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന യു.ഡി.എഫ് ആരോപണം ശരിയെന്ന് തെളിഞ്ഞുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നേരത്തെ ഇ.പിയും ദല്ലാൾ നന്ദകുമാറും തമ്മിലുള്ള കൂടിക്കാഴ്ചയെ മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിപ്പറഞ്ഞത്. ബി.ജെ.പി നേതാവുമായുള്ള കൂടിക്കാഴ്ചക്കെതിരെ അദ്ദേഹം രംഗത്തെത്തിയിരുന്നില്ല. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുള്ള ബാന്ധവത്തിന്റെ തെളിവാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജനെ എൽ.ഡി.എഫ് കൺവീനർ സ്ഥാനത്ത് നിന്ന് നീക്കി പാർട്ടിയിൽ ധാരണയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് ഇ.പിക്കെതിരായ അച്ചടക്ക നടപടിയിൽ തീരുമാനമായതെന്നാണ് വിവരം. ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ചയാണ് ഇ.പിക്ക് വിനയായത്.

സി.പി.എം നേതാവ് ടി.പി രാമകൃഷ്ണന് എൽ.ഡി.എഫ് കൺവീനറുടെ പകരം ചുമതല നൽകുമെന്നാണ് സൂചന. ഇന്ന് നടക്കുന്ന സംസ്ഥാന സമിതിയിൽ ഇ.പിയെ നീക്കിയ വിവരം സി.പി.എം റിപ്പോർട്ട് ചെയ്യും. അതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വരിക.

ഇ.പി. ജയരാജന്‍ ബി.ജെ.പിയിൽ ചേരുന്നതിന് വേണ്ടി പാർട്ടിയുടെ മുതിർന്ന നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് ശോഭ സുരേന്ദ്രനാണ് ആദ്യം ആരോപിച്ചത്. ഇതിന് പിന്നാലെ ഇ.പി ജാവദേക്കറിനെ കണ്ടരിരുന്നതായി ദല്ലാൾ നന്ദകുമാർ പറഞ്ഞു. പിന്നാലെ ഇക്കാര്യത്തിൽ ജയരാജൻ വിശദീകരണം നൽകിയിരുന്നു.

പ്രകാശ് ജാവ്ദേക്കറെ കണ്ടിരുന്നുവെന്നും എന്നാല്‍ രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിച്ചിട്ടില്ലെന്നുമായിരുന്നു ഇ.പിയുടെ പ്രതികരണം. ബി.ജെ.പിയില്‍ നിന്ന് മാത്രമല്ല, തന്നെ കാണാന്‍ അങ്ങനെ നിരവധി നേതാക്കള്‍ ഇതിന് മുമ്പും വന്നിട്ടുണ്ടെന്നും കണ്ടതില്‍ എന്താണ് പ്രശ്‌നമെന്നും അദ്ദേഹം ചോദിച്ചു. അങ്ങനെ സംസാരിച്ചാല്‍ മാറിപ്പോകുന്നതല്ല തന്റെ രാഷ്ട്രീയമെന്നും ഇ.പി അന്ന് പറയുകയും ചെയ്തു.

Tags:    
News Summary - By changing the EP, the UDF's allegation proved true -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.