മുഖ്യമന്ത്രി അയച്ച മറുപടിക്കത്തുമായി ഗവർണർ മാധ്യമങ്ങൾക്കു മുമ്പിൽ

‘രാജ്യത്തിനെതിരായ കുറ്റകൃത്യം നടക്കുന്നതായി പറയുന്നു, മുഖ്യമന്ത്രിയുടെ വിശദീകരണം മനസിലാകുന്നില്ല’

തിരുവനന്തപുരം: തന്‍റെ കത്തിനു മുഖ്യമന്ത്രി നൽകിയ വിശദീകരണത്തിൽ നിറയെ വൈരുദ്ധ്യമാണെന്നും മുഖ്യമന്ത്രിക്ക് എന്തോ മറച്ചുവെക്കാനുണ്ടെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി താൻ പറഞ്ഞിട്ടേയില്ലെന്ന് മുഖ്യമന്ത്രി മറുപടി കത്തിൽ പറയുന്നു. എന്നാൽ അതേ കത്തിൽ സ്വർക്കടത്തിലൂടെ രാജ്യത്തിനെതിരായ കുറ്റകൃത്യം നടക്കുന്നതായി പറയുന്നുമുണ്ട്. രാജ്യസുരക്ഷയേയും അഖണ്ഡതയേയും ബാധിക്കുന്ന പ്രശ്നങ്ങളുണ്ടെങ്കിൽ അത് രാഷ്ട്രപതിയെ അറിയിക്കേണ്ടത് തന്‍റെ ഉത്തരവാദിത്തമല്ലേ എന്ന് ചോദിച്ച ഗവർണർ, അടുത്തതായി താൻ എന്തു ചെയ്യുമെന്ന കാര്യം ഇപ്പോൾ പറയുന്നില്ലെന്നും കത്ത് പുറത്തുവിട്ടുകൊണ്ട് പ്രതികരിച്ചു.

“ഈ വിവരത്തിന്‍റെ ഉറവിടം മുഖ്യമന്ത്രിയുടെ തന്നെ പരാമർശമാണ്. അപ്പോൾ അദ്ദേഹത്തോട് വിശദീകരണം ചോദിക്കേണ്ടേ? എന്നാലിപ്പോൾ രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി താൻ പറഞ്ഞിട്ടേയില്ലെന്ന് മുഖ്യമന്ത്രി മറുപടി കത്തിൽ പറയുന്നു. അതേ കത്തിലെ രണ്ടാമത്തെ പേജിൽ സ്വർണക്കടത്ത് നടത്തുന്നതിലൂടെ രാജ്യത്തിന്‍റെ സമ്പദ്വ്യവസ്ഥയ്ക്ക് ഇത് ദോഷമാണെന്നും നികുതി ചോർച്ചയുൾപ്പെടെ സംഭവിക്കുന്നതിലൂടെ രാജ്യത്തിനെതിരായ കുറ്റകൃത്യമാണിതെന്നും പറയുന്നു. രാജ്യത്തിനെതിരായ കുറ്റകൃത്യം രാജ്യവിരുദ്ധ പ്രവർത്തനം തന്നെയല്ലേ? രാജ്യവിരുദ്ധ പ്രവർത്തനം എന്നതിനേക്കാൾ വലിയ പ്രശ്നമല്ലേ രാജ്യത്തിനെതിരായ കുറ്റകൃത്യം? വൈരുദ്ധ്യം നിറഞ്ഞ കത്താണിത്.

ഇത് കേന്ദ്രത്തെയും രാഷ്ട്രപതിയേയും അറിയിക്കേണ്ടത് എന്‍റെ ഉത്തരവാദിത്തമല്ലേ. മുഖ്യമന്ത്രിക്ക് മറുപടി തരാൻ 27 ദിവസമെടുത്തു. വിശദീകരണം നൽകാൻ ഡി.ജി.പിയോടും ചീഫ് സെക്രട്ടറിയോടും ആവശ്യപ്പെട്ടു. എല്ലായ്പ്പോഴും രാജ്ഭവനിൽ വരുന്നവരാണവർ. എന്നിട്ടും ഇത്രയും വൈകി. അവരെ മുഖ്യമന്ത്രി തടഞ്ഞു. മുഖ്യമന്ത്രിക്ക് എന്തോ മറച്ചുവെക്കാനുണ്ട്. അദ്ദേഹവുമായി അടുപ്പമുള്ള പലരും സ്വർണക്കടത്തു കേസിൽ മുമ്പ് പിടിക്കപ്പെട്ടിരുന്നു എന്ന കാര്യവും മറക്കരുത്” -ഗവർണർ പറഞ്ഞു.

പൊലീസ് വെബ്സൈറ്റിൽ രാജ്യവിരുദ്ധ പരാമർശം ഇല്ലെന്ന പൊലീസ് ആസ്ഥാനത്തിന്‍റെ വിശദീകരണത്തെ ഗവർണർ അംഗീകരിച്ചു. താൻ കഴിഞ്ഞ ദിവസം ഇക്കാര്യം പറഞ്ഞത് ഫിനാൻഷ്യൽ എക്സ്പ്രസിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ പൊലീസിനേക്കാൾ മുകളിലാണ് മുഖ്യമന്ത്രിയുടെ സ്ഥാനമെന്നും അദ്ദേഹത്തിന്‍റെ വിശദീകരണ കത്തിലുള്ള പരാമർശം എങ്ങനെയാണ് മനസ്സിലാക്കേണ്ടതെന്നും ഗവർണർ ചോദിച്ചു.

Tags:    
News Summary - 'Can't understand CM's explanation, letter is full of contradictions' -Governor Arif Mohammed Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.