തിരുവനന്തപുരം: നോട്ടുക്ഷാമം അതിരൂക്ഷമായി അഞ്ചാംദിവസത്തിലേക്ക്. ശനിയാഴ്ച ബാങ്കുകള്‍ പ്രവര്‍ത്തിക്കുകയും എ.ടി.എമ്മുകളില്‍ നോട്ടുകള്‍ നിറച്ചുവെന്ന അവകാശവാദം നിലനില്‍ക്കുകയും ചെയ്യുമ്പോഴും ജനജീവിതം കൂടുതല്‍ ദുസ്സഹമാവുകയാണ്. ബാങ്കുകളിലും എ.ടി.എമ്മുകളിലും ക്യൂ നിന്ന് ക്ഷമ കെട്ട ജനം പലയിടത്തും അധികൃതരോട് കയര്‍ക്കുകയും ബഹളത്തിനും കൈയാങ്കളിക്കും വരെ വഴിവെക്കുകയും ചെയ്തു.
ഡിസംബര്‍ 30 വരെ 4000 രൂപ മാത്രമേ മാറ്റിയെടുക്കാനാവൂ എന്ന വെളിപ്പെടുത്തല്‍ കൂടിയായതോടെ ജനം അക്ഷരാര്‍ഥത്തില്‍ വെട്ടിലായ സ്ഥിതിയിലാണ്. ദിവസേന 4000 രൂപ മാറ്റിവാങ്ങാമെന്നു മുമ്പു പ്രഖ്യാപിച്ചിട്ടില്ലെന്നും തെറ്റിദ്ധാരണ പരന്നതിനാലാണ് വിശദീകരണമെന്നുമാണ് ബാങ്കുകളുടെ നിലപാട്. നിബന്ധന പ്രാബല്യത്തില്‍വന്നതു മുതല്‍ വെറും 4000 രൂപ മാത്രമേ ഒരാള്‍ക്ക് മാറിയെടുക്കാനാവൂ എന്നതു സാധാരണക്കാരെ ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇതുകൊണ്ട് എങ്ങനെ മുന്നോട്ടു പോകുമെന്ന ആശങ്കയാണ് എങ്ങും. 4000 രൂപ മാറിയെടുക്കാമെന്നാണ് പറയുന്നതെങ്കിലും പല ബാങ്കുകളും നോട്ടുക്ഷാമം മൂലം 2000 രൂപയേ നല്‍കുന്നുള്ളൂ. എ.ടി.എമ്മുകളില്‍നിന്ന് പരമാവധി 2000 രൂപ മാത്രമേ ലഭിക്കുന്നുള്ളൂ. പോസ്റ്റ് ഓഫിസുകളിലും മതിയായ പണമത്തെിയിട്ടില്ല.
രണ്ട് ദിവസത്തിനുള്ളില്‍ എ.ടി.എമ്മുകള്‍ സജീവമാകുമെന്നും പണപ്രതിസന്ധിക്ക് അയവുവരുമെന്ന പ്രതീക്ഷയാണ് നാലുദിനം പിന്നിടുമ്പോള്‍ ഇല്ലാതാവുന്നത്.
അതേസമയം, അസാധുവായ നോട്ടുകള്‍ സ്വീകരിക്കാന്‍ പെട്രോള്‍ പമ്പ്, റെയില്‍വേ സ്റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി, വിമാനത്താവളം, ശ്മശാനം, സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ ഫാര്‍മസികള്‍ തുടങ്ങിയവക്ക് നല്‍കിയിരുന്ന ഇളവ് 14 വരെ നീട്ടിയിട്ടുണ്ട്. ഇവിടങ്ങളില്‍ നോട്ടുകള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും ചില്ലറ നല്‍കാനില്ലാത്തതിനില്‍ ഈ സൗകര്യവും ഗുണം ചെയ്യുന്നില്ല.
ബാങ്കുകളില്‍നിന്ന് ദിവസം 10,000 രൂപ പിന്‍വലിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും നോട്ടുക്ഷാമം മൂലം 5000-6000 വരെയേ പലയിടങ്ങളിലും നല്‍കുന്നുള്ളൂ. ബാങ്കുകളുടെ കൈവശമുള്ള 100 രൂപ നോട്ടുകളാണ് നിലവില്‍ വിതരണം ചെയ്യുന്നത്. ഇത് കഴിയുന്ന മുറക്ക് റിസര്‍വ് ബാങ്ക് പകരം നോട്ടത്തെിക്കുന്നില്ളെങ്കില്‍ നിലവിലേതിനെക്കാള്‍ രൂക്ഷമായിരിക്കും വരുംദിവങ്ങളിലെ സ്ഥിതി. എ.ടി.എമ്മുകളില്‍ 2000 രൂപ എത്തിക്കുന്നത് ഇനിയും വൈകുമെന്നും സൂചനയുണ്ട്. ചില്ലറയില്ലായ്മ അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ചെറുകിട-മൊത്ത വ്യാപാര മേഖലയില്‍ കനത്ത മാന്ദ്യം പ്രകടമാണ്. പൊതുഗതാഗത സംവിധാനങ്ങളെയും അടിസ്ഥാന സേവനമേഖലകളെയും ക്ഷാമം ബാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.