ജനങ്ങള്‍ പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ഇന്‍റലിജന്‍സ് മുന്നറിയിപ്പ്

കോട്ടയം: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ക്ക് പകരം നോട്ടുകള്‍ എത്തിക്കുന്നതില്‍ റിസര്‍വ് ബാങ്ക് ഞായറാഴ്ചയും വീഴ്ചവരുത്തി. ശനി-ഞായര്‍ ദിവസങ്ങളില്‍ 100ന്‍െറയും 50ന്‍െറയും കൂടുതല്‍ നോട്ടുകള്‍ സംസ്ഥാനത്തെ ബാങ്കുകളില്‍ എത്തിക്കുമെന്നായിരുന്നു റിസര്‍വ് ബാങ്കിന്‍െറ അറിയിപ്പ്. ഇക്കാര്യം സംസ്ഥാനത്തെ ബാങ്കുകള്‍ ഇടപാടുകാരെയും അറിയിച്ചിരുന്നു. എന്നാല്‍, പുതിയ നോട്ടുകള്‍ക്ക് പകരം മുഷിഞ്ഞ 100, 50, 20, 10 രൂപയുടെ പരിമിതമായ കെട്ടുകള്‍ മാത്രമാണ് ബാങ്കുകളില്‍ എത്തിയത്. ഇത് ജനങ്ങളുടെ ആവശ്യത്തിന് തികഞ്ഞതുമില്ല.

അതിനിടെ, പകരം നോട്ടുകള്‍ കിട്ടാത്തസ്ഥിതിയില്‍ ജനങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ പടരുന്നുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും പൊലീസ് രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കി. പ്രതിസന്ധി തുടര്‍ന്നാല്‍, ജനങ്ങളുടെ പ്രതിഷേധം പരിധിവിട്ടേക്കാമെന്ന മുന്നറിയിപ്പും റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ വര്‍ധിക്കുന്നത് ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് വിശദ റിപ്പോര്‍ട്ട് രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാറിന് നല്‍കിയത്.

ചൊവ്വാഴ്ച മുതല്‍ വ്യാപാര സ്ഥാപനങ്ങള്‍ അടച്ചിടുന്നതോടെ സംസ്ഥാനത്ത് സാമ്പത്തിക അടിയന്തരാവസ്ഥ നിലനില്‍ക്കുന്നതായ പ്രതീതി സൃഷ്ടിക്കപ്പെടുമെന്ന മുന്നറിയിപ്പുമുണ്ട്. വ്യാപാരസ്ഥാപനങ്ങള്‍ അടക്കുന്നതോടെ ജനജീവിതം ദുസ്സഹമാകും. അവശ്യസാധനങ്ങളുടെ ലഭ്യത നിലക്കും. അവശ്യ മരുന്നുകള്‍പോലും കിട്ടാത്ത സ്ഥിതിയുണ്ടാകും. ഇത് സംസ്ഥാനത്ത് കടുത്ത പ്രതിസന്ധിക്ക് ഇടയാക്കുമെന്നതിനാല്‍ സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യമാണെന്ന് വിവിധ സര്‍ക്കാര്‍ വകുപ്പുകളും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചെറിയ നോട്ടുകളുടെ കുറവുമൂലം സംസ്ഥാനത്ത് എല്ലാ കച്ചവടങ്ങളും 60-70 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്. സ്വര്‍ണം, വസ്ത്രം, അടക്കം പല കച്ചവടസ്ഥാപനങ്ങളിലും കടുത്ത പ്രതിസന്ധിയാണ്. നിര്‍മാണമേഖല സ്തംഭിച്ചതോടെ പതിനായിരങ്ങള്‍ തൊഴിലില്ലാത്ത അവസ്ഥയിലാണ്.
നിര്‍മാണ മേഖലക്കാവശ്യമായ അസംസ്കൃത വസ്തുക്കള്‍ക്ക് വില കുതിച്ചുയരുന്നു. എന്നാല്‍, വിഷയത്തില്‍ ഇടപെടുന്നതില്‍ സംസ്ഥാന സര്‍ക്കാറും ദയനീയ പരാജയമാണെന്നാണ് വിവിധ സുരക്ഷാവിഭാഗങ്ങളുടെ റിപ്പോര്‍ട്ട്.

Tags:    
News Summary - cash crisis: chaos to public anger

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.