ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എളുപ്പത്തില്‍ അവസാനിക്കുമെന്ന് വിശ്വസിക്കാന്‍ കഴിയില്ളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധനമന്ത്രി തോമസ് ഐസക്കിനൊപ്പം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നടപടിയെ തുടര്‍ന്ന് ജനങ്ങള്‍ നേരിടുന്ന ദുരിതം കേന്ദ്ര ധനമന്ത്രിയെ ധരിപ്പിച്ചു. കള്ളനോട്ടും കള്ളപ്പണവും തടയുക തന്നെ വേണം. എന്നാല്‍, അതിന് സ്വീകരിക്കുന്ന വഴി ഏതാണെന്ന് തീരുമാനിക്കുമ്പോള്‍ സാധാരണ ജനങ്ങളുടെ കാര്യം ആദ്യം പരിഗണിക്കണം. ജനങ്ങളെ ശിക്ഷിക്കുന്ന തീരുമാനത്തെ എത്ര വൈകാരികമായി വിശദീകരിച്ചാലും അംഗീകരിക്കാനാവില്ല. കേന്ദ്രം മുന്‍കരുതലില്ലാതെയാണ് നോട്ട് പിന്‍വലിച്ചതെന്ന് വ്യക്തമായിരിക്കുന്നു. അതേസമയം, അറിയേണ്ടവര്‍ നേരത്തേ അറിഞ്ഞതായി ആരോപണമുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ശബരിമലയിലും അവിടേക്കുള്ള വഴികളിലും നോട്ടുകള്‍ മാറ്റുന്നതിന് ബാങ്കുകളുടെ പ്രത്യേക കൗണ്ടറുകള്‍ തുറക്കാമെന്ന് കേന്ദ്ര ധനമന്ത്രി ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ട്രഷറികളിലും പ്രാഥമിക സഹകരണ ബാങ്കുകളിലും നോട്ടുകള്‍ മാറ്റുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും മുഖ്യമന്ത്രി മുന്നോട്ടുവെച്ചു. ജില്ല, അര്‍ബന്‍, സഹകരണ ബാങ്കുകള്‍ വഴി നോട്ടുകള്‍ മാറുന്നതിന് അവസരം ഒരുക്കിയിട്ടുണ്ടെങ്കിലും പ്രാഥമിക ബാങ്കുകളെ ഒഴിവാക്കിയിരിക്കുകയാണ്. ഒരു ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് 3000 പ്രാഥമിക സഹകരണ ബാങ്കുകള്‍ വഴി നടക്കുന്നത്. സംസ്ഥാന ട്രഷറികളില്‍ സേവിങ്സ് അക്കൗണ്ടുണ്ട്. മറ്റു സംസ്ഥാനങ്ങളില്‍ ഈ സംവിധാനമില്ല. അതിനാല്‍, കേരളത്തിന്‍െറ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ട്രഷറികളിലും പണം മാറ്റുന്നതിന് അനുമതി വേണമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യം പരിശോധിക്കാമെന്ന മറുപടി മാത്രമാണ് കേന്ദ്രധനമന്ത്രി നല്‍കിയത്.
ജനങ്ങള്‍ക്ക് ഇത്രയധികം ദുരിതമാകാതെ തന്നെ നോട്ട് പിന്‍വലിക്കല്‍ തീരുമാനം നടപ്പാക്കാമായിരുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. ഭൂമി രജിസ്ട്രേഷനും കെ.വൈ.സി നടപടിക്രമങ്ങളും കൂടുതല്‍ കര്‍ശനമാക്കിയാല്‍ തന്നെ കള്ളപ്പണം വലിയ അളവില്‍ തടയാന്‍ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.