തിരുവനന്തപുരം: കുട്ടികൾക്ക് അനുകൂലമായി ബാലാവകാശ കമീഷന്റെ രണ്ട് ശ്രദ്ധേയ ഉത്തരവുകൾ. ബാലാവകാശ കമീഷനംഗം പി.പി ശ്യാമളാദേവിയുടേതാണ് രണ്ട് ഉത്തരവുകളും.
മൊഴി രേഖപ്പെടുത്താൻ കുട്ടികളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തരുതെന്നാണ് ആദ്യ വിധി. 15 വയസ്സിൽ താഴെയുള്ള കുട്ടികളെ മൊഴി എടുക്കാനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കരുതെന്ന് ഡി.ജി.പിക്ക് നിർദേശം നൽകി. വിവിധ സ്റ്റേഷനുകളിൽ കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയെന്ന് വിലയിരുത്തിയ കമീഷൻ അത് കുട്ടികളെ മാനസികമായി പ്രയാസപ്പെടുത്തുന്നതും അവരുടെ സ്വാഭാവരൂപവത്കരണത്തെ ദോഷമായി ബാധിക്കുന്നതുമാണെന്ന് നിരീക്ഷിച്ചു.
തിരുവനന്തപുരം സ്വദേശിയുടെ പരാതി പരിഹരിക്കാനും കുട്ടിക്ക് മാനസിക വിഷമതകൾ ഉണ്ടായിട്ടുണ്ടെങ്കിൽ കൗൺസലിങ്ങടക്കം നൽകാനും നിർദേശമുണ്ട്. നടപടി സ്വീകരിക്കാൻ ഫോർട്ട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർക്കും നിർദേശം നൽകി. ട്യൂഷൻ സെന്ററുകളിലെ വിനോദയാത്ര, നൈറ്റ് ക്ലാസുകൾ എന്നിവക്കുള്ള വിലക്കാണ് രണ്ടാമത്തെ വിധി. മാർഗനിർദേശങ്ങൾ ലംഘിച്ച് യാത്ര നടത്തുന്നതായി പരാതി ലഭിച്ചതിനെത്തുടർന്നാണ് നടപടി.
ഇക്കാര്യത്തിൽ 60 ദിവസത്തിനകം നടപടി സ്വീകരിക്കണമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി, തദ്ദേശ വകുപ്പ് സെക്രട്ടറി, ഡി.ജി.പി, ട്രാൻസ്പോർട്ട് കമീഷണർ എന്നിവർക്കാണ് നിർദേശം നൽകിയത്. വാളകം മാർത്തോമ ഹൈസ്കൂളിലെ അധ്യാപകൻ സാം ജോണിന്റെ ഹരജിയിലാണ് ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.