തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതി സമരങ്ങളുടെ പേരിലുണ്ടായ അക്രമക്കേസുകൾ പിന്‍വലിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും പ്രക്ഷോഭത്തിന്റെ പേരിലെടുത്ത കേസുകളാണ് പിൻവലിക്കുമെന്ന് പറഞ്ഞതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇതുമായി ബന്ധപ്പെട്ട അക്രമക്കേസുകൾ കോടതിയിൽ തീർപ്പാക്കട്ടെ. ഭദ്രമായ ക്രമസമാധാന നിലയാണ് സംസ്ഥാനത്തുള്ളത്. പൊലീസില്‍ വനിതാപ്രാതിനിധ്യം ഉയര്‍ത്തും. റിപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ സംഭവങ്ങളിലും കേസെടുക്കുന്നതിനാലാണ് സംസ്ഥാനത്ത് പോക്സോ കേസുകളുടെ എണ്ണം വർധിക്കുന്നത്. കേസ് ഒതുക്കിത്തീര്‍ക്കുന്ന സംവിധാനം പൊലീസ് സ്വീകരിച്ചിട്ടില്ലെന്നും ധനാഭ്യര്‍ഥന ചര്‍ച്ചക്കുള്ള മറുപടിയായി അദ്ദേഹം നിയമസഭയില്‍ പറഞ്ഞു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം 427 പോക്സോ കേസുകളില്‍ വിചാരണ പൂര്‍ത്തിയാക്കി 431 പ്രതികളെ ശിക്ഷിച്ചു. 366 കൊലപാതകങ്ങളുണ്ടായി. അതില്‍ 361 എണ്ണം തെളിയിച്ചു. പൊലീസില്‍ തെറ്റായ രീതിയിലുള്ള ഏതെങ്കിലും വിഭാഗം പ്രവര്‍ത്തിക്കുന്നതിന് സര്‍ക്കാര്‍ അംഗീകാരം നല്‍കില്ല. വര്‍ഗീയ സംഘടനകള്‍, തീവ്രവാദ സംഘടനകള്‍ ഒന്നുമുണ്ടാകില്ല. ആര്.എസ്.എസ്, എസ്.ഡി.പി.ഐ എന്നിവയുടെ ഭാഗമായി പൊലീസില്‍ എന്തെങ്കിലും ചെയ്യാന്‍ ശ്രമിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ആർ.എസ്.എസ് വോട്ടുവാങ്ങിയത് ആരെന്ന് പ്രതിപക്ഷ നേതാവ് സ്വന്തം മനഃസാക്ഷിയോട് ചോദിക്കണമെന്നും ജനാധിപത്യവും ഭരണഘടനാ മൂല്യങ്ങളും കോൺഗ്രസ് ചവിട്ടിമെതിച്ചപ്പോൾ അതിനെതിരെ രാജ്യത്താകെ ഉയർന്ന വികാരം പങ്കിട്ടുവെന്നത് വോട്ട് കൈമാറ്റമായി നിങ്ങൾക്ക് തോന്നുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. '77ലെ ആർ.എസ്.എസ് ബന്ധം' സംബന്ധിച്ച് കഴിഞ്ഞദിവസം നിയമസഭയിൽ നടത്തിയ പരാമർശങ്ങളോട് ധനാഭ്യർഥന ചർച്ചക്ക് മറുപടി പറയവേ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരള രാഷ്ട്രീയത്തിൽ ആർ.എസ്.എസിനെ ഒട്ടിനിന്നത് കോൺഗ്രസാണ്. '77 ൽ താൻ മത്സരിച്ചത് കൂത്തുപറമ്പിലാണ്. ആർ.എസ്.എസ് ഏറ്റവും കടുത്ത ശത്രുവായി സി.പി.എമ്മിനെ അന്നും ഇന്നും കാണുന്ന നാടാണത്. അടിയന്തരാവസ്ഥയിലെ കോൺഗ്രസ് ഏകാധിപത്യ ഭരണത്തിനെതിരെ ഉയർന്നുവന്ന വിശാല ഐക്യത്തിൽ ജനാധിപത്യ വിശ്വാസികൾ എല്ലാവരും സഹകരിച്ചു. അടിയന്തരാവസ്ഥാവിരുദ്ധ പോരാട്ടത്തിന്റെ മുന്നിലുണ്ടായിരുന്ന സി.പി.എം മുഖ്യപ്രതിപക്ഷമായ ജനതാ പാർട്ടിയുമായി ദേശീയതലത്തിൽ സഹകരിച്ചിട്ടുണ്ട്. ആ സഹകരണം ജനസംഘവുമായി ആയിരുന്നില്ല. ഇന്നത്തെ കെ.പി.സി.സി പ്രസിഡന്റ് അന്ന് സംഘടനാ കോൺഗ്രസിൽ ആയിരുന്നു. സംഘടനാ കോൺഗ്രസ് ജനതാ പാർട്ടിയിൽ ലയിച്ചപ്പോൾ സുധാകരനും അതിന്റെ ഭാഗമായി. അടിയന്തരാവസ്ഥക്കാലത്ത് സുധാകരൻ ജനതാ പാർട്ടി യുവജന വിഭാഗം സംസ്ഥാന ഭാരവാഹിവരെ ആയി. 1977ൽ കെ.ജി. മാരാർ ഉദുമയിൽ മത്സരിച്ചപ്പോൾ കെ. സുധാകരൻ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹിയായിരുന്നു. എൽ.കെ. അദ്വാനിയും വാജ്പേയിയും കെ. സുധാകരനും അന്ന് ഒരേ പാർട്ടിയിലായിരുന്നു. പ്രതിപക്ഷ നേതാവിന്റെ തിയറി പ്രകാരം ജനതാ പാർട്ടി നേതാവായ സുധാകരനല്ലേ ആർ.എസ്.എസ് വിശേഷണം ചേരുകയെന്നും മുഖ്യമന്ത്രി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.