തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിക്കാതെ മുഖ്യമന്ത്രി; തോല്‍വി ചര്‍ച്ച ചെയ്യാന്‍ സി.പി.എം

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് മണിക്കൂറുകൾ പിന്നിട്ടിട്ടും പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻഡ്യ മുന്നണിയുടെ നേട്ടത്തെ കുറിച്ചും സംസ്ഥാന ഫലത്തെക്കുറിച്ചും മുഖ്യമന്ത്രി മൗനം തുടരുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി 22 ദിവസത്തോളം മുഖ്യമന്ത്രി വിവിധ മണ്ഡലങ്ങളിൽ എത്തിയിരുന്നു. സംസ്ഥാനത്തെ ഫലം മാറ്റിനിർത്തിയാലും ഇൻഡ്യ മുന്നണിയുടെ ഭാഗമാണ് സി.പി.എം. പാർട്ടിയുടെ ഏക മുഖ്യമന്ത്രിയായ പിണറായി വിജയനിൽനിന്ന് പ്രതികരണം പ്രതീക്ഷിച്ചിരിക്കെയാണ് അദ്ദേഹം മൗനം തുടരുന്നത്.

അതേസമയം തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയേക്കുറിച്ച് സി.പി.എം ചർച്ച നടത്തും. തിരുത്തൽ നടപടികൾ സ്വീകരിക്കുന്ന കാര്യത്തിലും മന്ത്രിസഭാ പുനസംഘടനയിലും പാർട്ടി തീരുമാനമെടുക്കുമെന്നാണ് വിവരം. വെള്ളിയാഴ്ച ചേരുന്ന പാർട്ടി സെക്രട്ടറിയേറ്റിൽ പ്രാഥമിക ചർച്ച നടത്തും. ഈ മാസം 16 മുതൽ 20 വരെ നടക്കുന്ന പാർട്ടിയുടെ സെക്രട്ടറിയേറ്റ് യോഗവും സംസ്ഥാന കമ്മിറ്റി ‍യോഗവും വിഷയം വിശദമായി പരിഗണിക്കും.

ഭരണവിരുദ്ധ വികാരമാണ് ഇത്തവണ വോട്ട് കുറയാൻ ഇടയാക്കിയതെന്ന വിമർശനമുയരുന്ന പശ്ചാത്തലത്തിൽ തിരുത്തലുകൾ വരുത്തി മുന്നോട്ടുപോകുന്നതിനെ കുറിച്ച് യോഗങ്ങളിൽ ചർച്ച നടക്കും. ന്യൂനപക്ഷ വിഭാഗങ്ങളും ഇത്തവണ പാർട്ടിയിൽനിന്ന് അകന്നതായി വിലയിരുത്തലുണ്ട്. തെറ്റുതിരുത്തി മുന്നോട്ടുപോകുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

കെ. രാധാകൃഷ്ണൻ ആലത്തൂരിൽനിന്ന് ജയിച്ച പശ്ചാത്തലത്തിൽ മന്ത്രിസഭാ പുനസംഘടനയുണ്ടാവും. എം.പിയായതിനു ശേഷം 14 ദിവസത്തിനുള്ളിൽ എം.എൽ.എ സ്ഥാനം രാജിവെക്കേണ്ടതുണ്ട്. രാധാകൃഷ്ണനു പകരം പുതുതായി ആരെയെങ്കിലും മന്ത്രിസഭയിലേക്ക് ഉൾപ്പെടുത്തണോ, ആർക്കെങ്കിലും വകുപ്പുകളുടെ അധിക ചുമതല നൽകണോ എന്ന കാര്യത്തിൽ തീരുമാനം സ്വീകരിക്കേണ്ടതുണ്ട്. 

Tags:    
News Summary - CM Pinarayi Vijayan keeps silent in Lok Sabha Election Results

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.