കോഴിക്കോട്: ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലിലെ പീഡനക്കേസിലെ പ്രതിയായ അഞ്ജലി റീമദേവ് ഉയർത്തിയ ആരോപണങ്ങൾ നിഷേധിച്ച് പരാതിക്കാരി. നമ്പർ 18 ഹോട്ടലിൽ തന്നെയും പെൺകുട്ടികളെയും എത്തിച്ചത് അഞ്ജലിയാണെന്ന് പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. അഞ്ജലി തന്നെയും കുടുംബത്തെയും പരസ്യമായി അപമാനിക്കുകയാണ്. അഞ്ജലിയുടെ ഭീഷണിപ്പെടുത്തിയുള്ള ശബ്ദസന്ദേശങ്ങൾ ഫോണിലേക്ക് വരികയാണ്. അഞ്ജലിയുടെ അമ്മാവന്‍ തന്നെ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി വ്യക്തമാക്കി.
എല്ലാ തെളിവുകളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. നമ്പർ 18 ഹോട്ടലിൽ അന്ന് അത്രയും ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് കണ്ടത്. അതേക്കുറിച്ച് അഞ്ജലിയോട് ചോദിച്ചപ്പോൾ അവരും ഇരയാക്കപ്പെട്ടതാണെന്നായിരുന്നു പറഞ്ഞത്. മോഡലുകളുടെ മരണത്തോടെയാണ് അഞ്ജലിയും സൈജു തങ്കച്ചനും തന്നെയും പെൺകുട്ടികളെയും ആസൂത്രിതമായി ഹോട്ടലിലേക്ക് കൊണ്ടുപോകുകയാണെന്ന സംശയം ബലപ്പെട്ടത്.
യൂട്യൂബ് ചാനലിന് വേണ്ടിയാണ് താൻ നമ്പർ 18 ഹോട്ടലിലെ ദൃശ്യങ്ങൾ പകർത്തിയത്. അതിനിടെയാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ കണ്ടത്. അത് അഞ്ജലിയെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളാണ്. ജോലിയുടെ പേര് പറഞ്ഞ് കൊച്ചിയിലെത്തിച്ച മറ്റ് പെൺകുട്ടികളെയും രക്ഷപ്പെടുത്തണമെന്ന ആഗ്രഹത്തോടെയാണ് താൻ അവിടെ തുടർന്നത്. പിന്നീട്, ഇവരുടെ കീഴിലായിരിക്കുമ്പോൾ തന്നെ പൊലീസിന് ലഹരി ഇടപാടുകളെ കുറിച്ചും മറ്റും വിവരം നൽകിയിരുന്നു.
മോഡലുകളുടെ മരണത്തിന്‍റെ സമയത്ത് അഞ്ജലിയുടെ പേര് ഉയർന്നു വന്നിരുന്നില്ല. ആ ബഹളങ്ങളെല്ലാം കെട്ടടങ്ങിയ ശേഷം ഇവർ ബിസിനസ് വ്യാപിപ്പിക്കാൻ വീണ്ടും ശ്രമം നടത്തുകയായിരുന്നു. ഒരിക്കലും പണത്തിന് വേണ്ടി സ്വന്തം ജീവൻ ഒരു മാഫിയയുടെ മുന്നിലിട്ടു കൊടുക്കുന്ന ആളല്ല ഞാൻ. ഫേസ്ബുക്കിലിരുന്ന് ആർക്കും എന്തും പറയാം. എന്നാൽ, ഞാൻ തെളിവുകൾ സഹിതം അന്വേഷണ സംഘത്തോടാണ് വെളിപ്പെടുത്തൽ നടത്തിയത് -പരാതിക്കാരിയായ സ്ത്രീ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറില്‍ നമ്പര്‍ 18 ഹോട്ടലില്‍വെച്ച് ഹോട്ടലുടമ റോയി ജെ. വയലാട്ട് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കോഴിക്കോട് സ്വദേശികളായ അമ്മയുടെയും പ്രായപൂർത്തിയാകാത്ത മകളുടെയും പരാതി. റോയിയുടെ സുഹൃത്ത് സൈജു തങ്കച്ചനും പ്രതിയാണ്. പീഡന ദൃശ്യങ്ങൾ പ്രതികൾ മൊബൈലിൽ പകർത്തി. പൊലീസിൽ പരാതി നൽകിയാൽ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുമെന്ന് അഞ്ജലി ഭീഷണിപ്പെടുത്തിയെന്നുമാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.