രക്ഷാപ്രവർത്തകർക്കുള്ള യൂത്ത് ലീഗിന്റെ ഊട്ടുപുര പൂട്ടിച്ചതിനെ ചൊല്ലി വിവാദം; സർക്കാർ നേരിട്ട് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് മന്ത്രി

കോഴിക്കോട്: വയനാട് മുണ്ടക്കൈയിലെ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർക്ക് സൗജന്യ ഭക്ഷണം വിളമ്പാനായി നാദാപുരം നരിപ്പറ്റയിലെ കള്ളാട് മഖാം കേന്ദ്രീകരിച്ച് മുസ്‌ലിം യൂത്ത് ലീ​ഗ് വൈറ്റ്​ഗാർഡ് നടത്തിവന്ന ഊട്ടുപുര പൂട്ടിച്ചു. ഡി.ഐ.ജി തോംസൺ ജോസിന്റെ നിർദേശപ്രകാരമാണ് ഇത് പൂട്ടേണ്ടി വന്നതെന്ന് വൈറ്റ്​ഗാർഡ് പ്രവർത്തകർ ആരോപിച്ചു. സർക്കാർ തീരുമാനമാണെന്നാണ് ഡി.ഐ.ജി അറിയിച്ചതെന്നും ഇവർ പറഞ്ഞു.

ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്ന സൈനികർ, പൊലീസുകാർ, ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കായി നാലു ദിവസം ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്തിരുന്ന ഊട്ടുപുരയാണ് പൂട്ടേണ്ടിവന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘാടകർ ഊട്ടുപുരക്ക് മുന്നിൽ ഫ്ലക്സും കെട്ടിയിട്ടുണ്ട്.

'പ്രിയ വയനാട് നിവാസികളെ, കഴിഞ്ഞ നാല് നാൾ നിങ്ങളുടെ ദുഃഖത്തിൽ പങ്കുചേരാനും നിങ്ങൾക്കുവേണ്ടി കഠിനാധ്വാനം ചെയ്യുന്ന നാനാവിഭാഗം സന്നദ്ധപ്രവർത്തകർക്ക് ആഹാരം നൽകാനും കഴിഞ്ഞതിൽ ഞങ്ങൾ സന്തുഷ്ടരാണ്. രക്ഷാദൗത്യം കഴിയുന്നതുവരെ സേവനം തുടരാനായിരുന്നു ഞങ്ങളുടെ നിയ്യത്ത്. ദൗർഭാഗ്യവശാൽ ഈ സേവനം അവസാനിപ്പിക്കാനും ഇനി ഞങ്ങളുടെ ഭക്ഷണവിതരണത്തിന്റെ ആവശ്യമില്ലെന്നും ബഹുമാനപ്പെട്ട ഡി.ഐ.ജി തോംസൺ ജോസ് അറിയിച്ചതുപ്രകാരം ഞങ്ങൾ ഈ സേവനം അവസാനിപ്പിക്കുകയാണ്'- എന്നിങ്ങനെയാണ് ഫ്ലക്സിൽ കുറിച്ചിരിക്കുന്നത്.

നടപടിക്കെതിരെ രൂക്ഷവിമർശനവുമായി യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് രം​ഗത്തെത്തി. ജൂലൈ 31ന് രാവിലെ മുതൽ പാചകം ആരംഭിക്കുകയും മൂന്ന് നേരം സൗജന്യമായി ഭക്ഷണം വിളമ്പുകയും ചെയ്ത ഊട്ടുപുരയാണ് ഡി.ഐ.ജി തോംസൺ ജോസ് വന്ന് നിർത്താൻ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സർക്കാർ തീരുമാനമാണെന്നാണ് പറഞ്ഞത്. ചോദ്യം ചെയ്ത സംഘാടകരെ ഭീഷണിപ്പെടുത്തിയതോടെ സങ്കടത്തോടെ അവർ ഭക്ഷണ വിതരണം നിർത്തി. ദിവസം എണ്ണായിരത്തോളം ഭക്ഷണമാണ് അവർ വെച്ചുവിളമ്പിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വയനാട്ടിലെ ദുരന്തവുമായി ബന്ധപ്പെട്ട് ഇന്ന് വരെ സർക്കാറിനെതിരെ ഒരക്ഷരം ഞങ്ങളാരും പറഞ്ഞിട്ടില്ല. പരാതികളില്ലാത്തത് കൊണ്ടല്ല, ദുരന്തമുഖത്ത് ചേർന്ന് നിൽക്കുക എന്നത് പാർട്ടിയുടെ നിലപാടായത് കൊണ്ടാണ്. എന്നാലിപ്പോൾ ഒട്ടേറെ പേർക്ക് സൗജന്യമായി നൽകിയ ഭക്ഷണ വിതരണം നിർത്തിച്ചത് പച്ച മലയാളത്തിൽ പറഞ്ഞാൽ ശുദ്ധ തെമ്മാടിത്തമാണ്. നാല് ദിവസം വിശ്രമമില്ലാതെ സേവനം ചെയ്തവരെ ആക്ഷേപിച്ചത് പൊറുക്കാനാവാത്ത തെറ്റാണ്. ഇതിന് സർക്കാർ മറുപടി പറഞ്ഞേ തീരൂവെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

Full View

അതേസമയം, ഭക്ഷണം ഉണ്ടാക്കി വിതരണം ചെയ്യാൻ സർക്കാർ നേരിട്ട് സൗകര്യമുണ്ടാക്കിയിട്ടുണ്ടെന്നും ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയാണ് അവിടെ ഭക്ഷണം നൽകുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.

‘ഭക്ഷണം നല്ലനിലയിൽ വളരെ ആത്മാർഥമായി പാചകം ചെയ്ത് നൽകുന്നവരുണ്ട്. അവരെയെല്ലാം ബഹുമാനിക്കുകയാണ്. ഒരർഥത്തിലും അവരെയൊന്നും ചെറുതായിട്ട് ആരും കാണുന്നില്ല. എന്നാൽ, ഭക്ഷണം കഴിച്ചിട്ട് ചില പ്രയാസങ്ങൾ ഉണ്ടായ ആളുകളുണ്ട്. അക്കാര്യം ചിലർ ജില്ല ഭരണകൂടത്തിന്റെ ശ്രദ്ധയിൽ പെടുത്തി. ഇത്തരം രക്ഷാ ദൗത്യത്തിൽ ഭക്ഷണം നൽകുന്നതിനൊരു സംവിധാനമുണ്ട്. എന്നാൽ, കേരളത്തിൽ എല്ലാ കാര്യവും ജനകീയമാണ്. ഭക്ഷണത്തിന്റെ നിലവാരം ഉറപ്പുവരുത്തണം. അതിനുവേണ്ടി ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന നടത്തുന്നുണ്ട്. എവിടെയെങ്കിലും ഭക്ഷണം കിട്ടിയില്ലെന്ന പരാതിയുണ്ടെങ്കിൽ അവിടെ എത്തിക്കാനുള്ള സംവിധാനമുണ്ട്. സോണൽ ഹെഡുമാർ വഴിയാണത് നൽകുന്നത്. ഇതുവരെ ഭക്ഷണം നൽകിയ ആളുകളുടെ സേവനം വളരെ വലുതാണ്. എന്നാൽ, രക്ഷാദൗത്യം നടത്തുന്നവർക്ക് ഭക്ഷണം നൽകുന്ന കാര്യത്തിൽ നിയന്ത്രണം വേണം. നിലവിൽ പോളി ടെക്നിക്കിൽ അതിന്റെ കേന്ദ്രം വെച്ചാണ് ഇത് നടത്തുന്നത്. അതിൽ ഇതുവരെ പരാതി വന്നിട്ടില്ല. ഇതുവരെ ഭക്ഷണം നൽകിയവരെല്ലാം നല്ല അർഥത്തിലാണ് നൽകിയിട്ടുള്ളത്. എന്നാൽ, ഇതിന്റെ പേരിൽ ചിലർ പണപ്പിരിവ് നടത്തുന്നെന്ന വ്യാപക പരാതി വരുന്നുണ്ട്. മഹാഭൂരിപക്ഷവും വളരെ ആത്മാർഥമായി ഇടപെടുമ്പോൾ ഒരു ചെറുന്യൂനപക്ഷം പോരായ്മ വരുത്തുകയാണെങ്കിൽ അത് പ്രയാസമാണ്. അതിനാൽ അതിലൊരു ശ്രദ്ധവേണം’ -എന്നിങ്ങനെയായിരുന്നു മന്ത്രിയുടെ പ്രതികരണം. 

രക്ഷാപ്രവർത്തകർക്കും ദുരിത ബാധിതർക്കുമുള്ള ഭക്ഷണം കൃത്യമായി എത്തിക്കാൻ സർക്കാർ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ക്യാമ്പുകളിലേക്കും മറ്റും ഭക്ഷണവുമായി വലിയ സംഘങ്ങൾ എത്തുന്നത് ഒഴിവാക്കണമെന്നും വയനാട് ജില്ല കലക്ടർ ഡി.ആർ മേഘശ്രീയും അറിയിച്ചു. 

Full View

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വെറുതെയുള്ള സന്ദർശനങ്ങൾ ക്യാമ്പുകളുടെ മൊത്തത്തിലുള്ള പ്രവർത്തനത്തെയും ശുചിത്വത്തെയും ക്യാമ്പിൽ കഴിയുന്നവരുടെ സ്വകാര്യതയെയും ബാധിക്കുകയാണെന്നും ഇത്തരം സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും അവർ ഫേസ്ബുക്ക് പോസ്റ്റിൽ അഭ്യർഥിച്ചു.  


Tags:    
News Summary - Controversy over closure of ‘Ootupura’ of Youth League for rescue workers; The minister said that the government has directly arranged the facility

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.