അക്രമികൾ തട്ടിക്കൊണ്ടുപോയി വഴിയില്‍ ഇറക്കിവിട്ട സനിയ. പിടിവലിക്കിടെ വീട്ടുമുറ്റത്ത് വീണ അക്രമികളുടെ തോക്കിന്റെ ഭാഗം

താമരശ്ശേരിയില്‍ ദമ്പതികളെ വീട്ടില്‍നിന്ന് തട്ടിക്കൊണ്ടുപോയി, ഭാര്യയെ വഴിയില്‍ ഇറക്കിവിട്ടു; രണ്ടുപേർ കസ്റ്റഡിയിൽ

കോഴിക്കോട്: സിനിമയെ വെല്ലുന്ന രീതിയിൽ താമരശ്ശേരിയില്‍ വീട്ടില്‍നിന്ന് ദമ്പതികളെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി. പരപ്പന്‍പൊയില്‍ കുറുന്തോട്ടികണ്ടിയില്‍ ഷാഫി(35)യെയും ഭാര്യ സനിയയെയും ആണ് തട്ടിക്കൊണ്ടുപോയത്. ഭാര്യയെ പിന്നീട് വഴിയില്‍ ഇറക്കിവിട്ടു. ഭര്‍ത്താവിനെ കൊണ്ടുപോയി. സംഭവത്തിൽ പ്രതികളെന്ന് കരുതുന്ന രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. രാത്രി നമസ്കാരം കഴിഞ്ഞ് വീടിന്റെ സിറ്റൗട്ടിൽ ഇരിക്കുകയായിരുന്നു ഷാഫി. ഇതിനിടെ വെള്ള സ്വിഫ്റ്റ് കാറിലെത്തിയ ആയുധധാരികളായ മുഖം മറച്ച നാലംഗ സംഘം ഷാഫിയെ വീട്ടിൽനിന്ന് പിടിച്ചുവലിച്ചുകൊണ്ടുപോയി. ബഹളംകേട്ട് ഓടിയെത്തിയ ഭാര്യ സനിയയെയും കാറില്‍ വലിച്ചുകയറ്റി.

അയൽവാസിയായ വീട്ടമ്മ ഓടിയെത്തി സനിയയെ മോചിപ്പിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കാർ കുറച്ചു മുന്നോട്ടുപോയശേഷം സനിയയെ ഇറക്കിവിട്ട് സംഘം ഷാഫിയുമായി കടന്നു. കഴുത്തിനും ദേഹത്തും പരിക്കേറ്റ സനിയ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.

ദുബൈയിൽ കച്ചവട സ്ഥാപനം നടത്തുകയാണ് ഷാഫി. നാട്ടിൽ എത്തിയിട്ട് ആറുമാസത്തോളമായി. വീട്ടിലെത്തിയ ഗുണ്ടാസംഘവുമായി പിടിവലി നടന്ന ഭാഗത്തുനിന്നും പിസ്റ്റളിന്റെ അടർന്നുവീണ ഭാഗം കണ്ടെത്തിയതായും ഷാഫിയും കൊടുവള്ളിയിലെ ചിലരും തമ്മിലുള്ള കച്ചവട സംബന്ധമായ പ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു.

Tags:    
News Summary - Couple abducted from home in Thamarassery; Two in custody

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.