ചെറുതോണി (ഇടുക്കി): ജനവാസകേന്ദ്രത്തിൽ ഇറങ്ങി കൃഷിയും വീടും തകർത്ത് കിണറ്റിൽ തലകുത്തി വീണ് ചെരിഞ്ഞ കാട്ടാനയെ ഉയര്‍ത്താന്‍ എത്തിയ എക്സ്കവേറ്റർ മറിഞ്ഞ് യുവാവ് മരിച്ചു. കാട്ടാന തകര്‍ത്ത വീടിെൻറ ഉടമ കൈതപ്പാറ കുളമ്പേല്‍ ജോസഫിെൻറ സഹോദരെൻറ മകന് ജ്യോബിഷ് ചാക്കോയാണ് (28) മരിച്ചത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. എക്സ്കവേറ്റർ മറിഞ്ഞ് സമീപവാസികളായ അഞ്ചുപേർക്ക് പരിക്കേറ്റു. ദുര്‍ഘടം പിടിച്ച വഴുക്കലുള്ള റോഡിലൂടെ വേണം കാട്ടാന െചരിഞ്ഞ കിണറിനുസമീപം എത്താന്‍. എക്സ്കവേറ്ററിന് ഒപ്പം വഴികാട്ടി നടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം ഇടുക്കി ജില്ല ആശുപത്രി മോർച്ചറിയിൽ.ശനിയാഴ്ച അർധരാത്രിയാണ് കഞ്ഞിക്കുഴി പഞ്ചായത്തിലെ 15ാം വാർഡ് കൈതപ്പാറ ഗ്രാമത്തിൽ കുളമ്പേൽ മാത്യുവിെൻറ 15 അടിയിലേറെ ആഴമുള്ള കിണറ്റിലാണ് അടിതെറ്റി കാട്ടാനക്കൂട്ടത്തിലെ ആറുവയസ്സുള്ള പിടിയാന വീണത്.
തലകീഴായി കിണറ്റിൽ വീണ് െചരിഞ്ഞ കാട്ടാന
പുലർച്ച നാട്ടുകാരാണ് കിണറ്റിൽ ആന ചെരിഞ്ഞനിലയിൽ കണ്ടത്. സമീപ വനത്തിൽനിന്ന് ജനവാസകേന്ദ്രത്തിൽ എത്തിയ ആനക്കൂട്ടം കുളമ്പേൽ ജോസഫിെൻറ വീട് ഭാഗികമായും പശുത്തൊഴുത്ത് പൂർണമായും തകർത്തു. ജോസഫും ഭാര്യയും എറണാകുളത്ത് ബന്ധുവീട്ടിൽ പോയതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഇവരുടെ കൃഷിയിടത്തിലെ തെങ്ങ്, വാഴ, കൊക്കോ, കപ്പ തുടങ്ങിയ കൃഷികളും നശിപ്പിച്ചു. കുളമ്പേൽ മാത്യു, കുളമ്പേൽ ജോസ്, ഉറുമ്പിൽ ബൈജു എന്നിവരുടെയും കൃഷി നശിപ്പിച്ചു.
വനത്താൽ ചുറ്റപ്പെട്ട 110 ഏക്കർ പ്രദേശമാണ് കൈതപ്പാറ ഗ്രാമം. അരനൂറ്റാണ്ട് മുമ്പ് 68 കർഷക കുടുംബമാണ് കൈതപ്പാറയിൽ കുടിയേറി താമസം ആരംഭിച്ചത്. കൃഷിഭൂമിയിൽ മുമ്പ് കാട്ടാനകൾ എത്തിയിരുന്നെങ്കിലും വൻ നാശം വരുത്തുകയോ വീട് നശിപ്പിക്കുകയോ ചെയ്തിരുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. ആദ്യമായാണ് കാട്ടാന വീട് തകർത്തത്. ഇടുക്കി മണിയാറംകുടി വനത്തിലൂടെ 12 കി.മീ. കൂപ്പ് റോഡിലൂടെയും തൊടുപുഴ വേളൂർ കൂപ്പ് വഴിയുമാണ് കൈതപ്പാറയിലേക്ക് എത്താവുന്നത്. മഴയും കാറ്റും ശക്തിപ്പെട്ടതിനാൽ ഗ്രാമം ഒറ്റപ്പെട്ടനിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.