പ്രളയത്തിൽ തകർന്ന പാലങ്ങളുടെ പുനർനിർമാണം വൈകിയതുമായി ബന്ധപ്പെട്ടാണ് നടപടി
കൊച്ചി: പ്രളയത്തിൽ തകർന്ന പാലങ്ങൾ നന്നാക്കാനുള്ള കോടതി ഉത്തരവ് നടപ്പാക്കാൻ വൈകുന്നത് സംബന്ധിച്ച വിശദീകരണം നൽകാൻ പൊതുമരാമത്ത്, തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരെ ഹൈകോടതി നേരിട്ട് വിളിച്ചുവരുത്തി.
ഇടുക്കി വണ്ടിപ്പെരിയാറിൽ പ്രളയത്തിൽ തകർന്ന ശാന്തിപ്പാലം, നൂറടിപ്പാലം എന്നിവയുടെ പുനർനിർമാണം വൈകിയതുമായി ബന്ധപ്പെട്ടാണ് ഇവരെ ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിളിച്ചുവരുത്തിയത്.
പാലങ്ങൾ പുനർനിർമിക്കണമെന്ന് കോടതി ഉത്തരവിട്ടതുമുതൽ ഇതുവരെ സ്വീകരിച്ച നടപടികളും ഓരോ ഘട്ടവും പൂർത്തിയാക്കാൻ വേണ്ടിവരുന്ന സമയവും വ്യക്തമാക്കി രണ്ടാഴ്ചക്കുള്ളിൽ സത്യവാങ്മൂലം നൽകാൻ ഇവരോട് നിർദേശിച്ച കോടതി, ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റി.
മ്ലാമല സെൻറ് ഫാത്തിമ ൈഹസ്കൂൾ വിദ്യാർഥികൾ എഴുതിയ കത്തിെൻറ അടിസ്ഥാനത്തിൽ സ്വമേധയാ സ്വീകരിച്ച ഹരജിയിൽ മ്ലാമലയിൽ തകർന്ന രണ്ടുപാലവും ഒന്നര വർഷത്തിനകം പുനർനിർമിക്കാൻ ഡിവിഷൻ ബെഞ്ച് 2020 ജൂലൈയിലാണ് ഉത്തരവിട്ടത്. എന്നാൽ, ശാന്തിപ്പാലത്തിെൻറ പരിശോധന റിപ്പോർട്ട് നവംബർ 11നാണ് നൽകിയത്. 2021 ഫെബ്രുവരി 15ന് ആറുകോടിയുടെ ഭരണാനുമതി നൽകിയെങ്കിലും രൂപരേഖ തയാറാക്കാൻ അഞ്ച് മാസമെടുത്തു.
നൂറടിപ്പാലം പണിയാൻ 1.296 കോടിയുടെ ഭരണാനുമതി നൽകിയത് കോടതി നിർദേശിച്ച് ഒരു വർഷത്തിനുശേഷമാണ്. പിന്നീടാണ് ചീഫ് എൻജിനീയർ പണി നടത്താൻ നിർദേശിച്ചത്. ഇതെല്ലാം വിലയിരുത്തിയാണ് സെക്രട്ടറിമാരെ വിളിച്ചുവരുത്തിയത്. നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന് കാണിച്ച് പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിങ്ങും തദ്ദേശ സെക്രട്ടറി ശാരദ മുരളീധരനും അപേക്ഷ നൽകിയെങ്കിലും കോടതി അനുവദിച്ചിരുന്നില്ല.
കോവിഡും പ്രളയവും കാരണമാണ് പണി വൈകിയതെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ, ഇത് അംഗീകരിക്കാനാവില്ലെന്ന് വിലയിരുത്തിയാണ് അപേക്ഷ തള്ളിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.