ന്യൂഡൽഹി: കശ്മീർ വിവാദക്കുരുക്കിൽപ്പെട്ട് തിരക്കിട്ട് നാട്ടിലേക്ക് മടങ്ങിയ കെ.ടി. ജലീൽ ഇല്ലാതെ എ.സി. മൊയ്തീൻ എം.എൽ.എ അധ്യക്ഷനായ പ്രവാസി ക്ഷേമകാര്യ നിയമസഭ സമിതി കേരള ഹൗസിൽ സിറ്റിങ് നടത്തി. എം.എൽ.എമാരായ കെ.എൻ. ഉണ്ണികൃഷ്ണൻ, പ്രമോദ് നാരായണൻ എന്നിവർ പരാതികൾ കേട്ടു. ഡൽഹി-എൻ.സി.ആർ പ്രദേശങ്ങളിലെ പ്രവാസി മലയാളികൾ സമിതിക്ക് മുമ്പാകെ ആവശ്യങ്ങളുടെ കെട്ടഴിച്ചു.
കേരളത്തിലെ ജാതി സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നതിന് നേരിടുന്ന കാലതാമസം, കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് കുറഞ്ഞ ചെലവിൽ ഓഡിറ്റോറിയങ്ങൾ ലഭിക്കുന്നതിന് നേരിടുന്ന പ്രയാസങ്ങൾ, കേരളത്തിലെ പി.എസ്.സി പരീക്ഷകൾക്ക് ഡൽഹിയിൽ സെന്റർ അനുവദിക്കൽ, കേരളത്തിൽനിന്ന് വിവിധ ആവശ്യങ്ങൾക്ക് ഡൽഹിയിൽ എത്തുന്ന മലയാളി കുട്ടികൾക്ക് കുറഞ്ഞ ചെലവിൽ താമസം ഏർപ്പെടുത്തൽ, ഡൽഹി പൊലീസ് റിക്രൂട്ട്മെന്റിന് കേരളത്തിൽ സെന്റർ അനുവദിക്കുന്നതിന് കേരള സർക്കാർ ഇടപെടൽ, വിദ്യാഭ്യാസത്തിനും മറ്റ് ആവശ്യങ്ങൾക്കും ഡൽഹിയിൽ എത്തുന്നവരെ സഹായിക്കാൻ നോർക്കയുടെ ഹെൽപ്പ് ഡെസ്ക്, കപൂർത്തല പ്ലോട്ടിൽ സാംസ്കാരിക സമുച്ചയം തുടങ്ങി വിവിധ വിഷയങ്ങൾ പ്രവാസി മലയാളികൾ സമിതിയുടെ ശ്രദ്ധയിൽപെടുത്തി.
നഴ്സുമാരുടെ ജോലിയുമായി ബന്ധപ്പെട്ട് നിരവധി ഉദ്യോഗാർഥികൾ തട്ടിപ്പിനിരയാകുന്നതും പ്രവാസി ക്ഷേമ പെൻഷൻ പ്രായപരിധി ഉയർത്തുന്നതും സംബന്ധിച്ച നിവേദനങ്ങൾ നിയമസഭ സമിതിക്കു നൽകി. പ്രശ്നങ്ങൾ വിലയിരുത്തി നിയമസഭക്ക് റിപ്പോർട്ട് നൽകുമെന്ന് സമിതി അറിയിച്ചു. നിയമസഭ സെക്രട്ടേറിയറ്റ് ഡെപ്യൂട്ടി സെക്രട്ടറി കുഞ്ഞുമോൻ, നോർക്ക വികസന ഓഫിസർ ഷാജിമോൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.