കൊച്ചി: 'സൂഫിയും സുജാതയും' സിനിമയുടെ സംവിധായകൻ ഷാനവാസ് നരണിപ്പുഴ (37) അന്തരിച്ചു. ഹൃദയാഘാതം മൂലം ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ബുധനാഴ്ച രാത്രി 10.15 ഓടെ കൊച്ചിയിലെ ആശുപത്രിയിലാണ് അന്ത്യം.
എഡിറ്ററായി സിനിമയിലെത്തിയ ഷാനവാസ് ജാതീയത വിഷയമായ 'കരി' എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായത്. മലയാളത്തിൽ ആദ്യമായി ഒ.ടി.ടി പ്ലാറ്റ്ഫോമിൽ നേരിട്ട് റിലീസ് ചെയ്ത 'സൂഫിയും സുജാതയും' സിനിമയുടെ സംവിധായകനും തിരക്കഥാകൃത്തും ഷാനവാസാണ്.
കഴിഞ്ഞ ദിവസം അട്ടപ്പാടിയിൽ പുതിയ സിനിമയുടെ ജോലിക്കിടെയാണ് മലപ്പുറം പൊന്നാനി നരണിപ്പുഴ സ്വദേശിയായ ഷാനവാസിന് ഹൃദയാഘാതം സംഭവിച്ചത്. തുടർന്ന് സുഹൃത്തുക്കൾ കോയമ്പത്തൂരിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറഞ്ഞതോടെ കൊച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
വെൻറിലേറ്റർ സൗകര്യമുള്ള പ്രത്യേക ആംബുലൻസിൽ ബുധനാഴ്ച വൈകീട്ട് ആറിന് കോയമ്പത്തൂരിലെ കെ.ജി ആശുപത്രിയിൽനിന്ന് പുറപ്പെട്ട് രാത്രി ഒമ്പതോടെയാണ് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിൽ എത്തിച്ചത്. ഇതിനിടെ, ഷാനവാസ് മരിച്ചതായി ബുധനാഴ്ച ഉച്ചയോടെ വാർത്ത പ്രചരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.