തിരുവനന്തപുരം: പട്ടയം വിതരണവുമായി ബന്ധപ്പെട്ട വിഷയത്തിലെ ഹൈകോടതി വിധി ഇടുക്കി ജില്ലക്കാണ് ബാധകമെന്ന് മന്ത്രി കെ. രാജൻ. 1964 ലെ ഭൂമി പതിവ് ചട്ടങ്ങളിലെ ചട്ടം അഞ്ച്. ഏഴ് എന്നിവയുടെ സാധുത ഹൈകോടതിയെ ബോധ്യപ്പെടുത്തി പട്ടയ വിതരണ നടപടികളിലെ തടസം ഒഴിവാക്കുന്നതിനുള്ള നടപടികൾ തുടങ്ങിയെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
സർക്കാർ ഭൂമി ( പതിവ് ലിസ്റ്റിൽ ഉൾപ്പെട്ട) കേരള ഭൂപതിവ് ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം പതിവ് ചെയ്ത് ലഭിക്കുന്നതിനായി സമർപ്പിച്ച അപേക്ഷകളിന്മേൽ നിലവിലുള്ള നിയമവും ചട്ടങ്ങളും സർക്കാർ ഉത്തരവുകളും പ്രകാരം പതിവിന് അർഹതയുണ്ടോ എന്ന് പരിശോധിച്ച് മുൻഗണനാക്രമം അനുസരിച്ച് പതിവ് നടപടികൾ സ്വീകരിക്കും.
മൂന്നാർ മേഖലയിലെ കൈയേറ്റുവുമായി ബന്ധപ്പെട്ട് വൺ എർത്ത് വൺ ലൈഫ് എന്ന സംഘടനയാണ് .ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തത്. 2024 ജനുവരി 10ലെ ഇടക്കാല ഉത്തരവ് പ്രകാരം ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ 1964ന് മുമ്പ് ഭൂമി കൈവശത്തിലാണ് എന്നതിൽ രേഖകൾ ഹാജരാക്കുന്നവർക്കല്ലാതെ മറ്റാർക്കും പട്ടയം നൽകേണ്ടതില്ലെന്നാണ് ഹൈകോടതി ഉത്തരവ്. 1964 ലെ ഭൂമി പതിവ് ചട്ടങ്ങളിലെ ചട്ടം ആറ്, ഏഴ് എന്നിവയുടെ സാധുത സംബന്ധിച്ച് സ്റ്റേറ്റ്‌മെൻറ് സമർപ്പിക്കുന്നതിനും ചീഫ് സെക്രട്ടറിയോട് നിർദേശിച്ചു.
1964 ലെ കേരള ഭൂമി പതിച്ചു നൽകൽ ചട്ടങ്ങൾ ബാധകമാകുന്ന പഞ്ചായത്ത് പ്രദേശങ്ങളിലെ ഭൂമി പതിവ് നടപടികൾക്കാണ് ഈ ഉത്തരവ് ബാധകമാകുന്നത്. ഭൂമി പതിച്ചു നൽകുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നിലവിലുള്ള മറ്റ് ചട്ടങ്ങൾ പ്രകാരമുള്ള പട്ടയ നടപടികളെ ഈ ഉത്തരവ് ബാധിക്കുന്നില്ല.
1964 ലെ ചട്ടങ്ങളിലെ ചട്ടം ഏഴ് (ഒന്ന്) ന്റെ സാധുത സംബന്ധിച്ചാണ് ഈ ഇടക്കാല ഉത്തരവിൽ പരാമർശിച്ചിട്ടുള്ളത്. ഈ ഉത്തരവിൽ 1964 ലെ കേരള ഭൂമി പതിവ് ചട്ടങ്ങളുടെ പ്രാബല്യ തീയതിക്ക് ശേഷമുള്ള കൈവശങ്ങൾക്ക് പട്ടയം നൽകുന്നത് ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ പാടില്ല എന്ന് വ്യക്തമാക്കി. ഇതുവരെ പട്ടയം ലഭിച്ചവരെ ഈ നിർദ്ദേശം നിലവിൽ ബാധിക്കില്ലെന്നും അനൂപ് ജേക്കബ്, പി.ജെ ജോസഫ്, മോൻസ് ജോസഫ്, മാണി.സി കാപ്പൻ തുടങ്ങിയവരുടെ ചേദ്യത്തിന് മന്ത്രി മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.