തിരുവനന്തപുരം: കുടിവെള്ള കണക്ഷൻ നടപടികൾ അനായാസമാക്കാൻ വാട്ടർ അതോറിറ്റി ഒാൺലൈൻ സംവിധാനം ഏർപ്പെടുത്തുന്നു. ഒാഫിസിൽ നേരിട്ടെത്താതെ ഇനി ഒാൺലൈൻ വഴി അപേക്ഷിക്കാം. സ്വയം മീറ്റർ റീഡിങ് സംവിധാനവും വരും.
പ്രാരംഭഘട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ പി.ടി.പി നഗർ സബ് ഡിവിഷൻ, സെൻട്രൽ സബ് ഡിവിഷനു കീഴിെല പാളയം സെക്ഷൻ, കോഴിക്കോട് മലാപ്പറമ്പ് സബ് ഡിവിഷൻ എന്നീ ഒാഫിസുകൾക്കുകീഴിലാണ് ഒാൺലൈൻ സൗകര്യം വരുന്നത്. പൂർണ സംവിധാനം ഉടൻ നിലവിൽ വരും. അപേക്ഷ സമർപ്പിക്കുന്നതു മുതൽ ഒരു ഘട്ടത്തിൽ പോലും ഓഫിസിൽ എത്തേണ്ടതില്ല എന്നതാണ് മെച്ചം. ഇ-ടാപ് സംവിധാനം വഴി, അപേക്ഷകളോടൊപ്പം അനുബന്ധ രേഖകൾ ഫോട്ടോയെടുത്തോ സ്കാൻ ചെയ്തോ ഉൾപ്പെടുത്താം. അപേക്ഷ ബന്ധപ്പെട്ട സെക്ഷൻ ഓഫിസ് സ്ഥല പരിശോധനക്ക് കൈമാറും. സ്ഥലപരിശോധന നടത്തി കണക്ഷൻ നൽകാൻ സാധിക്കുമെന്ന് ബോധ്യപ്പെടുന്നതോടെ പ്ലംബറെയും എസ്റ്റിമേറ്റ് തുകയും തീരുമാനിക്കും. ഈ വിവരങ്ങൾ അപേക്ഷകന് എസ്.എം.എസായി ലഭിക്കും.
തുക ഓൺലൈനായി അടയ്ക്കാം. സ്വയം അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവർക്ക് കൺസ്യൂമർ സർവിസ് സെൻററുകൾ വഴിയോ വാട്ടർ അതോറിറ്റി ഓഫിസുകൾ വഴിയോ ഇ-ടാപ് അപേക്ഷകൾ സമർപ്പിക്കാം. ഓഫിസിൽ ബിൽ സൃഷ്ടിക്കപ്പെടുമ്പോൾ തന്നെ, ഉപഭോക്താവിന് എസ്.എം.എസായി ലഭിക്കുന്ന ലിങ്ക് ഉപയോഗിച്ച് സ്വയം വാട്ടർ മീറ്റർ റീഡിങ് രേഖപ്പെടുത്താൻ സാധിക്കുന്ന സംവിധാനമാണ് സെൽഫ് മീറ്റർ റീഡിങ്. മീറ്റർ റീഡിങ് രേഖപ്പെടുത്തി മീറ്ററിെൻറ ഫോട്ടോയെടുക്കുമ്പോൾ തന്നെ മീറ്റർ/കണക്ഷൻ സ്ഥിതി ചെയ്യുന്ന സ്ഥലത്തിെൻറ ജിയോ ലൊക്കേഷനും രേഖപ്പെടുത്തും. സമർപ്പിക്കുന്ന റീഡിങ് പരിശോധിച്ച്, ഉപഭോക്താവിന് ബിൽ തുകയും മറ്റു വിവരങ്ങളും എസ്.എം.എസായി നൽകും. ബിൽ തുക ഉപഭോക്താവിന് ഓൺലൈനായി തന്നെ അടയ്ക്കാം. പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ ചൊവ്വാഴ്ച നിർവഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.