നിലമ്പൂർ: വിദ്യാർഥികൾക്കും മറ്റും വിൽപ്പനക്കായി കൊണ്ടുവന്ന സിന്തറ്റിക് ഡ്രഗ് ഇനത്തിൽപ്പെട്ട മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടു പേരെ വഴിക്കടവ് പൊലീസ് പിടികൂടി. പൂക്കോട്ടുംപാടം വലമ്പുറം കോലോത്തുംതൊടിക അഹമ്മദ് ആഷിഖ് (26), പാലാങ്കര വടക്കേകൈ ചക്കിങ്ങതൊടിക മുഹമ്മദ് മിസ്ബാഹ് (24) എന്നിവരെയാണ് ജില്ല അതിർത്തിയായ വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിൽ ചൊവ്വാഴ്ച രാത്രി എേട്ടാടെ അറസ്റ്റ് ചെയ്തത്.
ഇവരിൽനിന്ന് 71.5 ഗ്രാം എം.ഡി.എം.എയും 10 ലക്ഷം രൂപയുടെ 227 ഗ്രാം തൂക്കമുള്ള സ്വർണക്കട്ടിയും പിടിച്ചെടുത്തു. മാർച്ച് 19ന് 35 ഗ്രാം കഞ്ചാവുമായി പൂക്കോട്ടുംപാടം സ്വദേശിയെ അറസ്റ്റ് ചെയ്തതിനെ തുടർന്ന് സൈബർ സെൽ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. വിപണിയിൽ ഗ്രാമിന് 3000 രൂപയോളം വിലവരുന്ന എം.ഡി.എം.എ ബംഗളൂരുവിൽ നിന്ന് കാർ മാർഗം ആഷിഖാണ് ജില്ലയിലേക്ക് എത്തിച്ചിരുന്നത്.
ഇയാൾ സഹായത്തിനായി മിസ്ബാഹിനേയും കൂട്ടുകയായിരുന്നു. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോൾ അക്രമാസക്തനായ ആഷിഖ് ചെക്ക്പോസ്റ്റിലെ ജനൽചില്ലുകൾ അടിച്ചു തകർത്ത് ദേഹത്ത് സ്വയം പരിക്കേൽപ്പിക്കുകയും പൊലീസുകാരനെ കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
സ്വർണം കടത്തിയതിനും പൊലീസിനെ ആക്രമിച്ചതിനും പ്രത്യേകം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബലാത്സംഗത്തിനും അടിപിടിക്കും കഞ്ചാവ് ഉപയോഗത്തിനും പൂക്കോട്ടുംപാടം സ്റ്റേഷനിലും പൊലീസ് സ്റ്റേഷനിൽ അക്രമം നടത്തിയതിന് നിലമ്പൂർ പൊലീസ് സ്റ്റേഷനിലും ആഷിഖിനെതിരെ കേസുണ്ട്. പ്രതികളുടെ മൊബൈൽ ഫോണുകളും സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.