കാസർകോട്: എൻഡോസൾഫാൻ ദുരിതബാധിതർക്ക് സർക്കാർ നൽകിയ ഉറപ്പുകൾ നടപ്പാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും സെക്രേട്ടറിയറ്റിൽ പ്രക്ഷോഭം ആരംഭിക്കുന്നു.
ഇതിെൻറ മുന്നോടിയായി എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി ജനുവരി 30ന് കലക്ടറേറ്റ് ഉപരോധിക്കും. 2017ലെ സുപ്രീംകോടതി വിധിയനുസരിച്ച് മുഴുവൻ ദുരിതബാധിതർക്കും അഞ്ചുലക്ഷം രൂപയും ആജീവനാന്ത ചികിത്സയും ലഭിക്കേണ്ടതാണ്. വിധി നടപ്പാക്കാതെ വന്നപ്പോൾ നാലു കുട്ടികളുടെ അമ്മമാർ കോടതിയലക്ഷ്യത്തിന് സുപ്രീംകോടതിയെ സമീപിച്ചതിെൻറ ഭാഗമായി അഞ്ചുലക്ഷം രൂപ വീതം ലഭിക്കുകയുണ്ടായി.
പട്ടികയിൽപെട്ട നാലായിരത്തോളം ദുരിതബാധിതർക്ക് അവകാശപ്പെട്ട അഞ്ചുലക്ഷം രൂപ നൽകുക, പുതുതായി ലിസ്റ്റ് ചെയ്ത 511 കുട്ടികൾക്ക് ധനസഹായം അനുവദിക്കുക, 2011ൽ പട്ടികയിൽപെട്ട 610 പേർക്ക് ചികിത്സയും സഹായവും അനുവദിക്കുക, 2017ലെ മെഡിക്കൽ ക്യാമ്പിലൂടെ കണ്ടെത്തിയ 1031 പേരുടെ പട്ടിക അംഗീകരിക്കുക, കടങ്ങൾ എഴുതിത്തള്ളുക, തീരുമാനിച്ച പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്തുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കാനാണ് വീണ്ടും സമരം ആരംഭിക്കുന്നത്.
സർക്കാർ അവഗണന തുടർന്നാൽ പട്ടിണി സമരവുമായി സെക്രട്ടേറിയറ്റിലേക്ക് പോകാൻ മുന്നണി യോഗം തീരുമാനിച്ചു. മുനീസ അമ്പലത്തറ അധ്യക്ഷത വഹിച്ചു.
കെ. കൊട്ടൻ, സിസ്റ്റർ ജയ മംഗലത്ത്, കെ. ചന്ദ്രാവതി, കെ. ശിവകുമാർ, സത്യൻ പെരിയാട്ടടുക്കം, ജോഷി ജോസഫ്, ഒ. ശർമിള, എം.എ. റസിയ, സി. ശശി, എം. പ്രവീൺ, കെ. ശാലിനി, എസ്. മനോജ്, ജയശ്രീ എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും എം. വേണു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.