തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യപ്പെട്ട ഇ.പി. ജയരാജൻ ഇനി സി.പി.എം വേദിയിൽ ഉണ്ടാകില്ല. ഇപ്പോഴും അദ്ദേഹം പാർട്ടിയുടെ കേന്ദ്ര കമ്മിറ്റിയംഗമാണ്. പ്രസ്തുത സ്ഥാനത്തുനിന്ന് മാറ്റാൻ നീക്കമില്ലെന്ന് പാർട്ടി വ്യക്തമാക്കിയിട്ടുമുണ്ട്. പാർട്ടിയിൽനിന്ന് പൂർണമായും മാറിനിൽക്കാനാണ് ഇ.പി. ജയരാജന്റെ തീരുമാനമെന്നാണ് വിവരം. മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് നീക്കാനുള്ള തീരുമാനം അറിഞ്ഞതിനു ശേഷം തിരുവനന്തപുരത്തുനിന്ന് മടങ്ങിയ ഇ.പി. ജയരാജൻ സെക്രട്ടേറിയറ്റ് അംഗം എന്ന നിലക്ക് താമസത്തിന് പാർട്ടി അനുവദിച്ച പാർട്ടി ഫ്ലാറ്റിന്റെ താക്കോൽ തിരിച്ചേൽപിച്ച് തന്റെ സാധനങ്ങളെല്ലാം എടുത്താണ് കണ്ണൂരിലേക്ക് തിരിച്ചത്. പാർട്ടി ആസ്ഥാനത്തേക്ക് ഇനിയൊരു മടക്കമില്ലെന്നുറപ്പിച്ച യാത്രയായിരുന്നു അത്.
അടുത്ത വർഷം ഏപ്രിലിൽ മധുരയിൽ പാർട്ടി കോൺഗ്രസ് നടക്കുമ്പോൾ ഇ.പി. ജയരാജന് 75 വയസ്സ് തികയാൻ ദിവസങ്ങൾ മാത്രമേ ബാക്കിയുണ്ടാകൂ. 75 വയസ്സ് പ്രായപരിധിയിൽ തട്ടി കേന്ദ്ര കമ്മിറ്റിയിൽനിന്ന് പുറത്താകാനുള്ള സാധ്യതയേറെയാണ്. പാർട്ടിയിൽനിന്ന് മാറിനിൽക്കാനുള്ള തീരുമാനത്തിന് അതും ഒരു കാരണമാണ്. മുമ്പ് പലവട്ടം പാർട്ടിയുമായി പിണങ്ങി വീട്ടിൽപോയ ഇ.പിയെ അനുനയിപ്പിച്ചിരുന്നത് കോടിയേരി ബാലകൃഷ്ണനായിരുന്നു. പിണറായി വിജയനും കൈവിട്ട അദ്ദേഹത്തെ പാർട്ടി നടപടിക്ക് ശേഷം പാർട്ടിയിൽനിന്ന് ആരും ബന്ധപ്പെട്ടിട്ടില്ലെന്നത് അനുനയത്തിനുള്ള സാധ്യതയില്ലെന്നാണ് കാണിക്കുന്നത്. സജീവ രാഷ്ട്രീയം വിടുമോയെന്ന ചോദ്യത്തിന് സമയമാകുമ്പോൾ പറയാമെന്നാണ് മറുപടി. ബി.ജെ.പിയിൽ ചേരാൻ നീക്കം നടത്തിയെന്നതിന്റെ പേരിലാണ് ഇ.പി. ജയരാജൻ പാർട്ടിക്ക് അനഭിമതനായത്. അതുകൊണ്ടുതന്നെ, ജയരാജന്റെ അടുത്ത നീക്കം എന്തെന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്.
കേരളത്തിൽ കളംപിടിക്കാൻ ആഞ്ഞുശ്രമിക്കുന്ന ബി.ജെ.പി അവസരം പ്രയോജനപ്പെടുത്താൻ വലിയ ശ്രമങ്ങൾ നടത്തുമെന്നുറപ്പ്. കണ്ണൂരിലെ വീട്ടിൽ വിശ്രമിക്കുന്ന ഇ.പി. ജയരാജൻ ആത്മകഥ എഴുതാനുള്ള ഒരുക്കത്തിലാണെന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ആറു പതിറ്റാണ്ടോളം നീണ്ട കമ്യൂണിസ്റ്റ് പാർട്ടിക്കൊപ്പമുള്ള യാത്രയിൽ നിർണായക സന്ദർഭങ്ങളിൽ പ്രധാന റോൾ വഹിച്ചയാളാണ് ഇ.പി. ജയരാജൻ. മുറിവേറ്റ മനസ്സുമായി അദ്ദേഹം ജീവിതകഥ എഴുതാനിരിക്കുമ്പോൾ എന്തൊക്കെ വെളിപ്പെടുത്തൽ ഉണ്ടാകുമെന്ന ആകാംക്ഷ പൊതുവിലുണ്ട്. പുറത്തായതിന് തൊട്ടടുത്തദിനത്തിൽ ആത്മകഥ എഴുതുന്നത് ഇ.പി. ജയരാജൻ വെളിപ്പെടുത്തിയത് തന്നെ വെട്ടിനിരത്തിയ നേതാക്കൾക്കുള്ള മുന്നറിയിപ്പ് കൂടിയാണ്. അദ്ദേഹം എല്ലാം തുറന്നെഴുതിയാൽ രാഷ്ട്രീയ കേരളത്തിൽ തുടർചലനങ്ങൾക്കുള്ള വകയുണ്ടാകുമെന്നുറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.