തിരുവനന്തപുരം: പാർട്ടി നേതൃത്വവുമായുള്ള പിണക്കത്തിനും ഇണക്കത്തിനുമൊടുവിൽ ഇ.പി. ജയരാജൻ ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് പുറത്ത്. പേരാമ്പ്ര എം.എൽ.എയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ടി.പി. രാമകൃഷ്ണനാണ് പുതിയ കൺവീനർ. വെള്ളിയാഴ്ച ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിന്‍റെ തീരുമാനം ശനിയാഴ്ച സംസ്ഥാന സമിതി അംഗീകരിച്ചു. ബി.ജെ.പി നേതാവ് പ്രകാശ് ജാവ്ദേക്കറുമായുള്ള കൂടിക്കാഴ്ചയുടെ പേരിലാണ് മുതിർന്ന നേതാവിനെതിരായ നടപടി.
തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ ഇ.പി നടത്തിയ പ്രസ്താവനകൾ പാർട്ടി പരിശോധിച്ചതായും വീഴ്ച കണ്ടെത്തിയതായും യോഗത്തിനു ശേഷം തീരുമാനം വിശദീകരിച്ച സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. എല്‍.ഡി.എഫിന്റെ പ്രവര്‍ത്തനങ്ങളിൽ പൂര്‍ണമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിലും ഇ.പി. ജയരാജന് പരിമിതിയുണ്ടായതും മാറ്റത്തിന് കാരണമാണെന്ന് അദ്ദേഹം തുടർന്നു. പ്രകാശ് ജാവ്ദേക്കറുമായി വിവാദ ദല്ലാൾ നന്ദകുമാറിനൊപ്പം സ്വന്തം ഫ്ലാറ്റിൽ കൂടിക്കാഴ്ച നടത്തിയ വിവരം ലോക്സഭാ തെരഞ്ഞെടുപ്പ് ദിവസമാണ് ഇ.പി തന്നെ പരസ്യമാക്കിയത്.
ബി.ജെ.പിയിലേക്ക് പോകാൻ ചർച്ച നടത്തിയെന്ന ആരോപണവും ബി.ജെ.പി സ്ഥാനാർഥികൾ മികച്ചവരെന്ന പ്രസ്താനയുമെല്ലാം തിരിച്ചടിയായെന്ന് വിലയിരുത്തിയാണ് നടപടി. മുഖ്യമന്ത്രി പിണറായി വിജയനടക്കം പങ്കെടുത്ത സെക്രട്ടേറിയറ്റ് യോഗത്തിൽ വെള്ളിയാഴ്ച ഇ.പി. ജയരാജനുമുണ്ടായിരുന്നു. നടപടി തീരുമാനം അറിഞ്ഞതോടെ ഉച്ചക്ക് ശേഷമുള്ള സെക്രട്ടറിയേറ്റ് യോഗത്തിൽനിന്ന് വിട്ടുനിന്ന ഇ.പി. ജയരാജൻ ശനിയാഴ്ചത്തെ സംസ്ഥാന കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാതെ കണ്ണൂരിലെ വീട്ടിലേക്ക് മടങ്ങി. കേന്ദ്ര കമ്മിറ്റിയംഗമായ ഇ.പി. ജയരാജനെ പാർട്ടി പദവികളിൽനിന്ന് നീക്കില്ല. സ്വീകരിച്ചതു സംഘടനാ നടപടിയല്ലെന്നും കേന്ദ്ര കമ്മിറ്റി അംഗമായി അദ്ദേഹം തുടരുമെന്നും ഗോവിന്ദൻ പറഞ്ഞു.
തന്നേക്കാൾ ജൂനിയറായ എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതു മുതൽ തുടങ്ങിയ പിണക്കമാണ് ഇ.പി. ജയരാജനെതിരായ നടപടിയിലേക്ക് നയിച്ചത്. ഇ.പി. ജയരാജന്‍റെ തുടർനീക്കമാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സമീപകാലത്ത് സി.പി.എമ്മിൽ മുതിർന്ന നേതാവിനെതിരെ ഉണ്ടാകുന്ന അച്ചടക്ക നടപടിയാണിത്.
കണ്ണൂർ: ഇടതുമുന്നണി കൺവീനർ സ്ഥാനത്തുനിന്ന് മാറ്റിയശേഷം കണ്ണൂരിലെ വീട്ടിലെത്തിയ ഇ.പി. ജയരാജൻ പ്രതികരിക്കാൻ തയാറായില്ല. വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം കഴിഞ്ഞ ശേഷം തിരുവനന്തപുരത്തുനിന്ന് ശനിയാഴ്ച രാവിലെയാണ് വിമാനമാർഗം ഇ.പി കണ്ണൂരിലെത്തിയത്. രാവിലെ മുതൽ കല്യാശ്ശേരി കീച്ചേരിയിലെ വീടിന് മുന്നിൽ കാത്തിരുന്ന മാധ്യമപ്രവർത്തകരോട് ‘എന്തെങ്കിലും പറയാനുണ്ടെങ്കിൽ അറിയിക്കാ’മെന്ന് വ്യക്തമാക്കി ഒഴിയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.