തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി തിങ്കളാഴ്ചയും അതിശക്തമായ മഴതുടരും. അഞ്ച് ജില്ലകളിൽ റെഡ് അലർട്ടും ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും മറ്റ് രണ്ട് ജില്ലകളിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും സംസ്ഥാനത്തെമ്പാടും അതിശക്തമായ മഴയാണ് ലഭിച്ചത്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളംകയറി. അപകട മേഖലകളിലുള്ള ചില കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മണ്ണിടിഞ്ഞും മതിലിടിഞ്ഞും പലയിടത്തും ചെറിയ അപകടങ്ങളുണ്ടായി.
വരുന്ന അഞ്ചു ദിവസങ്ങളിലും മഴ മുന്നറിയിപ്പ് വന്ന സാഹചര്യത്തിൽ കനത്തജാഗ്രത പ്രഖ്യാപിച്ചു. പൊലീസ്, റവന്യൂ, തദ്ദേശ വകുപ്പുകളുടെ നേതൃത്വത്തിൽ സുരക്ഷ നടപടികൾ തുടരുന്നു. ഇനിയൊരറിയിപ്പുണ്ടാകും വരെ കേരള ലക്ഷദ്വീപ് ഭാഗത്ത് മത്സ്യബന്ധനം വിലക്കി. മലയോര മേഖലകളിൽ രാത്രി യാത്ര ഒഴിവാക്കണം. അപകടമേഖലയിലെ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനവും തടഞ്ഞിട്ടുണ്ട്. ചില ജില്ലകളിൽ ഖനനവും വിലക്കി.
ഞായറാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും തിങ്കളാഴ്ച എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ ജില്ലകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥ വകുപ്പിന്റെ ഏറ്റവും ഉയർന്ന അലർട്ടാണിത്.
അതിതീവ്രമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.5 എം.എമ്മിൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇത് വലിയ അപകടങ്ങൾക്ക് കാരണമായേക്കാവുന്ന മഴയാണ്.
ഞായർ - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, പാലക്കാട്, വയനാട്, കണ്ണൂർ.
തിങ്കൾ - കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസർഗോഡ്.
ചൊവ്വ - എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്.
ബുധൻ - എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
വ്യാഴം - കണ്ണൂർ, കാസർഗോഡ്.
ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എം.എം മുതൽ 204.4 എം.എം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.
ഞായർ - കാസർഗോഡ്
തിങ്കൾ - തിരുവനന്തപുരം, പാലക്കാട്
ചൊവ്വ - തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, വയനാട്, കണ്ണൂർ, കാസർഗോഡ്
ബുധൻ - കോട്ടയം, ഇടുക്കി
വ്യാഴം: തിരുവനന്തപുരം, കൊല്ലം
24 മണിക്കൂറിൽ 64.5 എം.എം മുതൽ 115.5 എം.എം വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അർത്ഥമാക്കുന്നത്.
17 വരെ ഗൾഫ് ഓഫ് മാന്നാർ, കന്യാകുമാരി തീരം എന്നിവിടങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റര്‍ വേഗത്തിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യത. മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ ഈ തീയതികളിൽ മത്സ്യബന്ധനം പാടില്ല. കഴിഞ്ഞ ദിവസങ്ങളിൽ വലിയമഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പുണ്ട്.
താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതിജാഗ്രത പാലിക്കണം. മാറിതാമസിക്കണമെന്ന് അധികൃതർ നിർദേശിച്ചാൽ സഹകരിക്കണം. തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുണ്ട്. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കി വെക്കണം.
നദികൾ മുറിച്ചു കടക്കാനോ നദികളിലോ മറ്റു ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്ക് ഇറങ്ങാനോ പാടില്ല. അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതാണ് മഴക്ക് കാരണം. വ്യാഴാഴ്ച വരെ ഇടിമിന്നലോടെ മഴക്ക് സാധ്യതയുണ്ട്. തെക്ക് പടിഞ്ഞാറൻ കാലവർഷം തെക്കൻ അന്തമാൻ കടലിലും നികോബാർ ദ്വീപ സമൂഹങ്ങളിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും തിങ്കളാഴ്ച എത്തും. മേയ് 27ന് കേരളത്തിലെത്തുമെന്നാണ് കരുതുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.