തിരുവനന്തപുരം: നിരോധിത ക്രിപ്റ്റോ കറൻസി ഇടപാടിൽ ഇന്റർപോൾ നിർദേശത്തെതുടർന്ന് വർക്കലയിൽ അറസ്റ്റിലായ വിദേശ പൗരനുമായി ബന്ധമുണ്ടെന്ന് കരുതുന്ന മലയാളികൾക്കായും തിരച്ചിൽ. അമേരിക്ക തേടുന്ന അന്താരാഷ്ട്ര കുറ്റവാളി ലിത്വാനിയൻ സ്വദേശി അലക്സേജ് ബെസിക്കോവിന്റെ (46) ഫോണിൽനിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂന്ന് മലയാളികളുടെ വിശദാംശങ്ങൾ അന്വേഷിക്കാൻ പൊലീസ് തീരുമാനിച്ചത്. വർക്കല സ്വദേശികളായ രണ്ടുപേർ റഷ്യയിലെത്തി അലക്സേജിന്റെ ആഥിത്യം സ്വീകരിച്ചതായി സൂചനയുണ്ട്.
അതേസമയം, സ്ഥിരമായി വർക്കല സന്ദർശിക്കുന്ന അലക്സേജ് നേരത്തേ കേരള പൊലീസിന്റെ നോട്ടപ്പുള്ളിയായിരുന്നെന്ന വിവരം പുറത്തുവന്നു. മയക്കുമരുന്ന് ഇടപാടിനെ തുടർന്ന് 2023ൽ ഇയാള്‍ക്കൊപ്പം താമസിച്ചിരുന്ന വനിത ഉള്‍പ്പെടെ മൂന്ന് റഷ്യക്കാരെ കേരളത്തിൽനിന്ന് നാടുകടത്തിയിരുന്നു. ഡാൻസാഫ് സംഘം വര്‍ക്കലയിലെ ഹോംസ്റ്റേയിൽ റെയ്ഡ് നടത്തിയപ്പോൾ കഞ്ചാവ് കച്ചവടം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. നാടുകടത്തിയവരുടെയും അലക്സേജിന്റെ ഹോംസ്റ്റേയുടെയും വിലാസവും ഒന്നാണ്. എന്നാൽ, ഇന്റർപോളിന്റെ നോട്ടീസ് ലഭിച്ചപ്പോൾ മാത്രമാണ് അലക്സേജിനെകുറിച്ച് അറിയുന്നതെന്നാണ് ഡി.ഐ.ജി അജീതബീഗം വാർത്തസമ്മേളനത്തിൽ പറഞ്ഞത്.
അലക്സേജ് ലോകത്തെ 600 പ്രധാന കോർപറേറ്റ് സ്ഥാപനങ്ങളുടെ വെബ്സൈറ്റ് സെർവർ ഹാക്ക് ചെയ്ത് പണം തട്ടിയതായി പൊലീസ് പറയുന്നു. യൂറോപ്പിലെയും അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും ശുദ്ധജല, വൈദ്യുതി വിതരണ കമ്പനികളെയാണ് ഏറ്റവും അവസാനം കഴിഞ്ഞവർഷം തട്ടിപ്പിനിരയാക്കിയത്. പിടിച്ചെടുത്ത ലാപ്ടോപ് പാസ്വേഡ് നൽകാൻ തയാറായിട്ടില്ല. ഇയാളുടെയും ബിസിനസ് പാർട്നറായ റഷ്യൻ പൗരൻ അലക്സാണ്ടർ മിറ സെർദയുടെയും ആസ്തി 1.60 ലക്ഷം കോടി രൂപയാണെന്ന് പൊലീസ് പറയുന്നു.
അലക്സേജ് മോസ്കോ യൂനിവേഴ്സിറ്റിയിൽനിന്നുള്ള കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയാണ്. നാലുദിവസം മുമ്പ് കമ്പനിയുടെ ഡാർക്ക് വെബ് ഇടപാടുകൾ തന്റെ ചിത്രം സഹിതം ബി.ബി.സി റിപ്പോർട്ട് ചെയ്തതോടെയാണ് വർക്കലയിൽനിന്ന് റഷ്യയിലേക്ക് മടങ്ങാൻ അലക്സേജ് തിടുക്കംകൂട്ടിയത്. വാർത്ത വന്നയുടൻ കുടുംബത്തെ തിരിച്ചയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.