പെരിന്തൽമണ്ണ: സർക്കാർ ഫണ്ട് വിനിയോഗിച്ച് നടക്കുന്ന വൃക്കരോഗികൾക്കുള്ള ഡയാലിസിസ് പദ്ധതിക്ക് ഏകോപനമുണ്ടാക്കാൻ ജില്ല പഞ്ചായത്ത് തയാറാക്കിയ മാർഗ നിർദേശങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ കോഓഡിനേഷൻ കമ്മിറ്റി ഭേദഗതിയോടെ അംഗീകരിച്ചു.
ഓരോ പഞ്ചായത്തിലും മെഡിക്കൽ ഓഫിസർമാരെ പദ്ധതിയുടെ നിർവഹണ ഉദ്യോഗസ്ഥരാക്കി ചുമതലപ്പെടുത്താവുന്നതാണ്. വിവിധ ധനസഹായ പദ്ധതകികളായ കാസ്പ്, കാരുണ്യ, ബനവലൻറ് ഫണ്ട്, മറ്റു സർക്കാർ സഹായങ്ങൾ എന്നിവ ലഭിക്കുന്ന രോഗികളെ ഒഴിവാക്കി അർഹരായ ഗുണഭോക്താക്കളുടെ പട്ടിക പഞ്ചായത്ത് ഭരണസമിതികൾ കൃത്യമായി തയാറാക്കി നിർവഹണ ഉദ്യോഗസ്ഥന് കൈമാറണമെന്നാണ് സർക്കാറിന് മുന്നിലെത്തിയ ആവശ്യം.
എന്നാൽ, ഇതുതന്നെയാണ് നേരത്തേ നിർദേശിച്ച രീതിയെങ്കിലും കർശനമായി പാലിക്കുന്നില്ല. ഇൻഷുറൻസ് അടക്കം സർക്കാറിന്റെ ധനസഹായത്തിന് ഇരട്ടിപ്പില്ലാതിരിക്കാൻ ഇത് കർശനമാക്കണമെന്നും നിർദേശിച്ചു.
ഡയാലിസിസ് ചെയ്ത റിപ്പോർട്ട്, ബില്ല് എന്നിവയുടെ അടിസ്ഥാനത്തിൽ തുക രോഗിക്ക് നേരിട്ട് നൽകണമെന്ന നിർദേശം തള്ളി. തുക അതത് ആശുപത്രികൾക്കുതന്നെ നൽകണം. ജില്ലക്ക് വെളിയിലുള്ള ആശുപത്രികളാണെങ്കിലും ഇങ്ങനെ ചെയ്യണം. ഡയാലിസിസ് വേണ്ട ചെലവിന്റെ പരമാവധി 25 ശതമാനം വരെ ജില്ല, ബ്ലോക്ക് പഞ്ചായത്തുകൾ ഗ്രാമപഞ്ചായത്തുകൾക്ക് കൈമാറണമെന്ന് നിർദേശിക്കണമെന്നായിരുന്നു ജില്ല പഞ്ചായത്തുവെച്ച മറ്റൊരു ആവശ്യം.
എന്നാൽ, വകയിരുത്തുന്ന വിഹിതം ജില്ലതലത്തിൽ ആസൂത്രണ സമിതികളിൽ അധ്യക്ഷന്മാരുടെ യോഗത്തിൽ തീരുമാനിക്കും. വൃക്കരോഗികളുടെ ഗുണഭോക്തൃ പട്ടിക തയാറാക്കിയ ശേഷം പട്ടിക വിപുലപ്പെടുത്തേണ്ട സ്ഥിതി വന്നാൽ ബാക്കി തുക ഗ്രാമപഞ്ചായത്ത് വഹിക്കണമെന്നതായിരുന്നു മറ്റൊരാവശ്യം. സാഹചര്യമനുസരിച്ച് തീരുമാനിക്കാനും എന്നാൽ, വിപുലപ്പെടുത്തുന്ന പട്ടിക തൊട്ടടുത്ത ഗ്രാമസഭ അംഗീകരിക്കണമെന്നും സർക്കാർ നിർദേശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.