മലപ്പുറം: മുനമ്പം വിഷയത്തിൽ സർക്കാർ രമ്യമായ പരിഹാരമുണ്ടാക്കുന്നില്ലെങ്കിൽ പരിഹരിക്കാൻ മുസ്ലിം ലീഗ് മുന്നിട്ടിറങ്ങുമെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പരിഹാരം വൈകിയാൽ പാണക്കാട് സാദിഖലി തങ്ങൾ ബിഷപ്പുമാരുമായി സംസാരിക്കും. പരിഹാരം നീട്ടുന്നത് സംസ്ഥാന സർക്കാറാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തിന്റെ ചരിത്രത്തിലേക്കു പോയാൽ ഏറ്റവും ബുദ്ധിമുട്ടുണ്ടാവുക ഇടതുപക്ഷത്തിനാണ്. ഇടതു സർക്കാറിന്റെ കാലത്ത് 2009ൽ നിയോഗിച്ച നിസാർ കമീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഭൂമി പിടിച്ചെടുക്കണമെന്ന് തീരുമാനിച്ചത്. ഈ വിഷയം നീളുന്നത് വർഗീയ വിഭജനമുണ്ടാക്കുന്നതിനാൽ കേരളത്തിന് ചേർന്ന കാര്യമല്ല.
മുസ്ലിം സംഘടനകൾ ഇക്കാര്യം വ്യക്തമാക്കിയതാണ്. സാങ്കേതികത്വത്തിലേക്ക് പോകാതെ മുനമ്പത്ത് താമസിക്കുന്നവരുടെ പ്രശ്നം പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്നും അതുമായി സഹകരിക്കാമെന്നും അവർ പറഞ്ഞിരുന്നു. സാങ്കേതികത്വത്തിൽ തൂങ്ങി സമുദായങ്ങളെ തമ്മിലടിപ്പിക്കുന്ന നിലപാട് മാധ്യമങ്ങൾ പ്രോത്സാഹിപ്പിക്കരുതെന്നും കുഞ്ഞാലിക്കുട്ടി അഭ്യർഥിച്ചു.
അതിനിടെ, ചില രാഷ്ട്രീയ നേതാക്കൾ എന്തിന്റെ അടിസ്ഥാനത്തിലാണ് മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പ്രഖ്യാപിക്കുന്നതെന്ന് ചോദിച്ച് എസ്.വൈ.എസ് സെക്രട്ടറി മുസ്തഫ മുണ്ടുപാറ രംഗത്തെത്തി. മുനമ്പം വിഷയം മുൻനിർത്തി വർഗീയ പ്രചാരണത്തിനും മുതലെടുപ്പിനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് കരുതി വഖഫ് ഭൂമി ആർക്കെങ്കിലും സമാധാന സംസ്ഥാപനത്തിന് ബലി നൽകാനാവില്ലെന്നാണ് അദ്ദേഹം ‘സുപ്രഭാതം’ പത്രത്തിലെഴുതിയ ലേഖനത്തിൽ പറഞ്ഞത്. എന്നാൽ, മുനമ്പത്തെ ഭൂമിപ്രശ്നം സമസ്ത പഠിക്കുന്നതേയുള്ളൂവെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പ്രതികരിച്ചു. സമസ്ത ജോയന്റ് സെക്രട്ടറി ഉമ്മർ ഫൈസി മുക്കം മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നും സമരത്തിനു പിന്നിൽ റിസോർട്ട് ലോബിയാണെന്നും കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. എന്നാൽ, ഉമർ ഫൈസിയല്ല സമസ്തയുടെ നിലപാട് പറയേണ്ടതെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുസ്സമദ് പൂക്കോട്ടൂർ പ്രതികരിച്ചു. ഉമർ ഫൈസി വിഷയത്തെക്കുറിച്ച് പഠിച്ചിട്ടില്ല. അദ്ദേഹം പറയുന്നത് സമസ്തയുടെ നിലപാടായി കാണരുത്. ‘സുപ്രഭാത’ത്തിൽ വരുന്ന എല്ലാ ലേഖനവും സമസ്തയുടേതായി കാണേണ്ടെന്നും അത് നേരത്തേ ജിഫ്രി തങ്ങൾ പറഞ്ഞതാണെന്നും അബ്ദുസ്സമദ് പൂക്കോട്ടൂർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.