വിചാരകേന്ദ്രത്തിന്‍െറ നടപടി അതിരില്ലാത്ത ഗുരുനിന്ദയെന്ന് സച്ചിദാനന്ദ സ്വാമി

തിരുവനന്തപുരം: ശ്രീനാരായണഗുരുവിന്‍െറ ‘ജാതിയില്ല വിളംബരം’ വ്യാജരേഖയാണെന്ന് പ്രമേയം പാസാക്കിയ ഭാരതീയ വിചാരകേന്ദ്രത്തിന്‍െറ നടപടി അതിരില്ലാത്ത ഗുരുനിന്ദയെന്ന് ശിവഗിരി തീര്‍ഥാടനകമ്മിറ്റി മുന്‍ സെക്രട്ടറി സച്ചിദാനന്ദ സ്വാമി. പത്രലേഖനത്തിലാണ് ഈ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചത്. ഗുരുവിന്‍െറ അറിവോ സമ്മതമോ ഇല്ലാതെ ശിഷ്യനായ ശ്രീനാരായണ ചൈതന്യസ്വാമി ഉണ്ടാക്കിയ കൃത്രിമരേഖയാണ് ഇതെന്ന് വിചാരകേന്ദ്രം സെക്രട്ടറി സുധീര്‍ബാബു ലേഖനമെഴുതിയിരുന്നു. 

അരുവിപ്പുറം പ്രതിഷ്ഠ മുതലുള്ള പ്രവര്‍ത്തനങ്ങളുടെ ഫലമായി ചിലര്‍ നൂറ്റാണ്ടുകളായി അധീശത്വം പുലര്‍ത്തി സംരക്ഷിച്ചിരുന്ന ജാതിക്കോട്ടകള്‍ ഓരോന്നായി തകര്‍ന്നടിഞ്ഞു. വരേണ്യവര്‍ഗത്തിന്‍െറ ജാതിക്കുത്തകയും മേല്‍ക്കോയ്മയും നശിച്ചപ്പോള്‍ വിറളിപൂണ്ടവര്‍ ഏറെയായിരുന്നു. അതിന്‍െറ പിന്‍മുറക്കാരാണ് ഇപ്പോള്‍ ഒരു ശിഷ്യന്‍െറ പേരില്‍ ഗുരുദര്‍ശനത്തെ ആക്രമിക്കാന്‍ ഒരുമ്പെടുന്നതെന്ന് സച്ചിദാനന്ദസ്വാമി ലേഖനത്തില്‍ വ്യക്തമാക്കുന്നു. ശ്രീചൈതന്യസ്വാമികളെ ഗുരുദേവന്‍ സ്വന്തം സ്ഥാപനങ്ങളുടെ മുക്ത്യാറായി നിയോഗിച്ചത് അദ്ദേഹത്തില്‍ ഗുരുവിന് പരിപൂര്‍ണവിശ്വാസമുണ്ടായിരുന്നതിനാലാണ്.

‘‘അദ്ദേഹം വ്യാജരേഖയുണ്ടാക്കി പ്രസിദ്ധപ്പെടുത്തി എന്നു പറയുന്നത് സാക്ഷാല്‍ ശ്രീനാരായണഗുരു ചെയ്തെന്ന് പറയുന്നതിന് തുല്യമാണ്’’. 1916 ജൂലൈ 16ന് ടി.കെ. മാധവന്‍െറ ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ച ശ്രീനാരായണഗുരുവിന്‍െറ പ്രസംഗം കൂടി ഉദ്ധരിച്ച് വിചാരകേന്ദ്രത്തിന്‍െറ വാദങ്ങളെ ലേഖനം തള്ളുന്നു. കൊല്ലം പട്ടത്താനത്ത് നടത്തിയ പ്രസംഗത്തില്‍ ഏതെങ്കിലും പ്രത്യേക മതവുമായി തനിക്ക് യാതൊരു പ്രത്യേക സംബന്ധവുമില്ളെന്ന് ഗുരു പറഞ്ഞു. താന്‍ ജാതിമതങ്ങള്‍ വിട്ടിരിക്കുന്നു എന്നു പറഞ്ഞതിന് ഒരു ജാതിയോടും മതത്തോടും പ്രത്യേക മമത ഇല്ളെന്നാണ് അര്‍ഥമെന്നും അദ്ദേഹം പറയുന്നു.   

Tags:    
News Summary - guru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.